Latest News
Loading...

ആശുപത്രി റോഡിലെ പാര്‍ക്കിംഗിന് പെറ്റി !



പാലാ ജനറലാശുപത്രി ബൈപ്പാസ് ലിങ്ക് റോഡില്‍ വാഹനപാര്‍ക്കിംഗിന് പിഴ ചുമത്തി പോലീസ്. റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പോലീസ് നടപടി. ആശുപത്രി ഭാഗം മുതല്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് വരെ നീളുന്ന പാര്‍ക്കിംഗ്, ഈ റോഡില്‍ വലിയ കുരുക്കാണ് സൃഷ്ടിക്കുന്നത്. ട്രാഫിക് പോലീസ് എസ്‌ഐ സുരേഷിന്റെ നേതൃത്വത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന എല്ലാ വാഹനങ്ങളിലും പിഴ നോട്ടീസ് പതിപ്പിച്ചു.




കെഎം മാണി ബൈപ്പാസും പൊന്‍കുന്നം പാലം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡിന്  ഒരു കിലോമീറ്ററില്‍ താഴെ മാത്രമാണ് നീളം. ആശുപത്രിയില്‍ രോഗികളുമായി എത്തുന്നവരുടെ വാഹനം ഈ ലിങ്ക് റോഡിന്റെ വശത്ത് മണിക്കൂറുകളോളമാണ് പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രി ഒ.പി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതോടെ പാര്‍ക്കിംഗ് വര്‍ധിച്ചു. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് നീക്കി അവിടെ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയെങ്കിലും ഇവിടെ വാഹനം ഇട്ട് നടന്നുപോകാന്‍ ആളുകള്‍ തയാറാകുന്നില്ല. പകരം റോഡിലിട്ട് ഒപിയിലേയ്ക്ക് കയറുകയാണ് രീതി. പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ചെറിയ ഫീസ് കൊടുക്കാനും പലര്‍ക്കും മടിയാണ്. 





ആശുപത്രിയ്ക്ക് സമീപം റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡുകളുണ്ടെങ്കിലും ഇതിന്‍രെ ചുവട്ടില്‍വരെയാണ് പാര്‍ക്കിംഗ്. ആശുപത്രി ഭാഗം മുതല്‍ നീളുന്ന പാര്‍ക്കിംഗ്, വാട്ടര്‍ അതോറ്റി ഓഫീസ് വരെ നീളും. ഹോമിയോ ആശുപത്രിയിലടക്കം എത്തുന്നവര്‍ ഇതുവഴി തിരികെ പോകാനാകാതെ വിഷമിക്കുകയാണ്. റോഡ് സൈഡിലെ പാര്‍ക്കിംഗ് മൂലം ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോള്‍ പല ദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 



റോഡിന്റെ വീതികുറവും കുരുക്കിന് പ്രധാന കാരണമാണ്. ആംബുലന്‍സുകളടക്കം കടന്നുപോകുന്നതിനും റോഡിന്റെ വീതികുറവ് തടസ്സമാവുകയാണ്. വരുംദിവസങ്ങളിലും അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments