Latest News
Loading...

പുത്തൻകർമ്മപദ്ധതികൾ പ്രഖ്യാപിച്ച് പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിയ്ക്ക് സമാപനം



സമസ്തമേഖലകളിലും പുത്തൻകർമ്മപരിപാടികൾ പ്രഖ്യാപിച്ച് പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് ഉജ്ജ്വലസമാപനം. സംഘാടനത്തിലും ക്രമീകരങ്ങളിലും ആശയസമ്പന്നതിയിലും മാതൃകസൃഷ്ടിച്ചാണ് അസംബ്ലി സമാപിച്ചത്. പ്രധാനമായും ആത്മീയ, ഭൗതിക, വൈജ്ഞാനിക, സാമൂഹിക, ജീവകാരുണ്യരംഗങ്ങളിലാണ് വിവിധപദ്ധതികൾക്ക് അംസബ്ലി രൂപം നൽകിയത്. ക്രിസ്തീയദൗത്യവും ജീവിതവും പ്രാദേശിക സഭയിലും സമൂഹത്തിലും എന്ന വിഷയത്തെ അധികരിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന അസംബ്ലി ചിന്തകളിലും പ്രാർത്ഥനയിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അസംബ്ലിയിൽ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കർമ്മപരിപാടികൾ രൂപീകരിച്ചത്. പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന രൂപതയിൽ ആത്മീയ മുന്നേറ്റത്തിനുതകുന്ന കർമ്മപദ്ധതികൾക്കാണ് മുഖ്യപ്രാധാന്യം നൽകിയിട്ടുള്ളത്.





രൂപതയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിഭാഗത്തിലും റിസോഴ്‌സ് ടീം രൂപീകരിക്കുമെന്നും സമാപനസമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് അറിയിച്ചു. ഇടവകവികാരിമാരുടെ നേതൃത്വത്തിൽ വിശ്വാസപരിശീലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അസംബ്ലി തീരുമാനമെടുത്തു. രൂപതയുടെ പ്രവർത്തനത്തിലും വിശ്വാസകൈമാറ്റത്തിലും വൈദികരും സന്യസ്തരും അത്മായരും കൂട്ടുത്തരവാദിത്വത്തോടെ കർമ്മപരിപാടികൾ നിർവഹിക്കുന്നുമെന്നും ബിഷപ് അറിയിച്ചു. പള്ളിയോഗങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും കൂടുതൽ തുറവിയോടെ ചർച്ചകളും ശ്രവണവും നടത്തി തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.



ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ.  ജോസഫ് കണിയോടിക്കൽ, ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


അസംബ്ലിയിൽ മൂന്ന് പ്രമേയങ്ങൾ. ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്, ദളിത് കത്തോലിക്കരുടെ സംവരണം, കർഷകരക്ഷ എന്നീ വിഷയങ്ങളിൽ പ്രമേയം

പാലാ: മൂന്ന് ദിനങ്ങളിലായി നടന്ന പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിയിൽ മൂന്ന് പ്രമേയങ്ങൾ പാസാക്കി. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധപ്പെടുത്തുകയും നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവർക്ക് സംവരണം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട തമിഴ്‌നാട് സർക്കാർ മാതൃകയിൽ കേരള സർക്കാരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുക, കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരം കണ്ടെത്തി കർഷകരെ രക്ഷിക്കാനുമായി  പ്രത്യേകകമ്മീഷനെ നിയമിക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളാണ് അസംബ്ലി അംഗീകരിച്ചത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ച അസംബ്ലിയിൽ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അവതരിപ്പിച്ച പ്രമേയങ്ങൾ അസംബ്ലി ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments