Latest News
Loading...

മൂന്നിലവ് ഫാക്ടറി കത്തി നഷ്ടം 10 കോടിയോളം രൂപ




മൂന്നിലവ് കോകോ ലാറ്റക്‌സ് റബര്‍ഫോം നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നഷ്ടം 10 കോടിയോളമെന്ന് നിഗമനം. ഫോം നിര്‍മിച്ച് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപടര്‍ന്നത്. ഓഫീസ് , ലാബ് എന്നിവയും കത്തിയമര്‍ന്നു. ഇന്ന് ആലപ്പുഴയിലേയ്ക്ക് അയയ്ക്കാനായി ഫോം കയറ്റി പാര്‍ക്ക് ചെയ്തിരുന്ന ലോറിയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. 




ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കോട്ടയം ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും നിന്നും തീയണയ്ക്കാനായി വാഹനങ്ങളെത്തി. ഈരാറ്റുപേട്ടയില്‍ നിന്നുള്ള വാഹനമാണ് ആദ്യമെത്തിയത്. പിന്നീട് പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, കോട്ടയം, ചങ്ങനാശേരി, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങളുമെത്തി. എന്നാല്‍ കടവുപുഴ പാലത്തിലൂടെ യാത്ര സാധ്യമല്ലാത്തത് തീയണയ്ക്കാന്‍ വൈകാന്‍ കാരണമായി. പാലം കടന്നാല്‍ അരകിലോമീറ്ററില്‍ താഴെ മാത്രമാണ് ഫാക്ടറിയിലേയ്ക്കുള്ള ദൂരം. 



വലിയ ഫയര്‍ എന്‍ജിന്‍ പാലം കടക്കാനാവാതെ വന്നതോടെ മറ്റൊരു വഴിയിലൂടെ കിലോമീറ്ററുകള്‍ ചുറ്റിയാണ് സ്ഥലത്തെത്തിയത്. മറ്റ് ഫയര്‍ഓഫീസുകളില്‍ നിന്നും ചെറുവാഹനങ്ങളും സ്ഥലത്തെത്തിച്ചു. ഒരുവാഹനം വഴിയില്‍ ബ്രേക് ഡൗണ്‍ ആവുകയും ചെയ്തു. ഫയര്‍ എന്‍ജിനൊപ്പം സ്ഥലത്തെ വലിയ ടാങ്കില്‍ നിന്നുള്ള വെള്ളവും ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീയണച്ചത്. റബര്‍ ഫോമുകളില്‍ തീ ആളിപ്പടര്‍ന്നത് അണയ്ക്കല്‍ ദുഷ്‌കരമാക്കി. പുലര്‍ച്ചെ 2 മണിവരെ പരിശ്രമിച്ചാണ് ഫാക്ടറിയിലെ തീ പൂര്‍ണമായും അണച്ചത്. 



റബര്‍പാല്‍ ഉപയോഗിച്ച് ബെഡ് നിര്‍മാണത്തിനുള്ള റബര്‍ഫോമുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഡ്യൂറോഫ്‌ളെക്‌സ് കമ്പനിയ്ക്കായി ഫോം ഇവിടെനിന്നും തയാറാക്കി നല്‍കുന്നുണ്ട്. തീപിടുത്തകാരണം സംബന്ധിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അധികൃതരും വിശദമായ പരിശോധന നടത്തും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments