മൂന്നാനിയിൽ വച്ച് ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നഗരസഭ കൗൺസിലർ സിജി ടോണി മാധ്യമങ്ങൾക്ക് കൈമാറി. ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബൈക്കിനെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തെറ്റായ ദിശയിൽ കൂടി ചെന്ന് ഇടിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പ്രദേശവാസിയായ ഒരു വനിതാ അധ്യാപിക ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെടുന്നത്.
ഇതിനോടകം തന്നെ നിരവധി കേസുകൾക്ക് പോലീസിന് സഹായകരമായി കൗൺസിലറുടെ ഭവനത്തിന് മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ മാറിയിട്ടുണ്ട്.
പാലാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ ബന്ധുവായ സ്ത്രീയായിരുന്നു അപകടം വരുത്തിയ വാഹനം ഓടിച്ചിരുന്നത്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വളരെ മോശം രീതിയിലായിരുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
എത്രയും വേഗം വാഹനം മാറ്റാനുള്ള വ്യഗ്രതയാണ് അദേഹം കാണിച്ചത്. പരിക്ക് പറ്റിയ ആളിനെ കാണുന്ന കാര്യം സംസാരിച്ചപ്പോൾ വാഹനമായാൽ ഇടിക്കും ചിലപ്പോൾ ആൾ മരിച്ചെന്നിരിക്കും, മരിച്ചാൽ പോസ്റ്റ് മാർട്ടം ചെയ്യുമെന്ന വളരെ നികൃഷ്ടമായ മറുപടിയാണ് പോലീസുകാരൻ പറഞ്ഞത്. സംഭവമറിഞ്ഞെത്തിയ പൊതുപ്രവർത്തകരോടും നാട്ടുകാരോടും മറ്റ് വാഹന ഡ്രൈവർമാരോടും ഇദ്ദേഹം തട്ടിക്കയറി സംസാരിച്ചു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനായ വ്യക്തിയുടെ ഭാഗത്ത് യാതൊരുവിധ തെറ്റുകളും ഇല്ലാത്തതാണെനും പോലീസ് ഉദ്യോഗസ്ഥന്റെ കാക്കിക്കുള്ളിലെ ധാർഷ്ട്യത്തെ ജനപ്രതിനിധി എന്ന നിലയിൽ അർഹിക്കുന്ന അവജ്ഞയോടെ പുശ്ചിച്ച് തള്ളുന്നുവെന്നും പരിക്കേറ്റ വ്യക്തിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കൗൺസിലർ സിജി ടോണി പ്രസ്താവനയിലൂടെ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments