Latest News
Loading...

റോഷിയും കാപ്പനും നേര്‍ക്കുനേര്‍ 9ന് പാലായില്‍




പാലാ എംഎല്‍എ മാണി സി കാപ്പന്‍ നയിക്കുന്ന അന്ത്യാളം സിക്‌സസും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നയിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി ടീമും തിങ്കളാഴ്ച പാലായില്‍ വോളിബോളില്‍ മാറ്റുരയ്ക്കും. 43-മത് ബിഷപ്പ് വയലില്‍ ഓള്‍ കേരള ഇന്റര്‍ കൊളീജിയേറ്റ്  വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഈ പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 9ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളേജിലെ മുന്‍ വോളിബോള്‍ ടീമംഗവും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയുമായ  റോഷി അഗസ്റ്റിന്‍ നയിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ടീമും പാലാ എം.എല്‍.എയും മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവുമായ  മാണി സി. കാപ്പന്‍ നയിക്കുന്ന അന്ത്യാളം സിക്‌സസും തമ്മില്‍ പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടും. 





ഈ മാസം 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വച്ചാണ് ബിഷപ് വയലില്‍ മെമ്മോറിയല്‍ വോളിബോള്‍ മല്‍സരം നടക്കുന്നത്.  കോളേജിന്റെ സ്ഥാപകനും പാലാ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ  സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ്. വോളിബോളില്‍ കേരളത്തിന്റെ പ്രശസ്തിയെ അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിയ പാലാ സെന്റ്. തോമസ് കോളേജിന്റെ പൂര്‍വവിദ്യാര്‍ഥി ജിമ്മി ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തില്‍ കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാരായ പുരുഷ വനിതാ ടീമുകള്‍ മത്സരിക്കും.  

രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രൈം വോളി ലീഗിലെ മിന്നും താരങ്ങള്‍ കോളേജ് ടീമുകളുടെ ഭാഗമായി മത്സരിക്കും. കായിക മേഖലയിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത പാലാ സെന്റ് തോമസില്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, നീന്തല്‍ അക്കാദമികള്‍ അന്താരാഷ്ട്ര സൗകര്യങ്ങളോടെ ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കായിക താരങ്ങളും പരിശീലകരും ഇവിടം സന്ദര്‍ശിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട് . ടൂര്‍ണമെന്റ് പന്ത്രണ്ടാം തീയതി വ്യാഴാഴ്ച സമാപിക്കും.


വാര്‍ത്ത സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ Prof. Dr. ജെയിംസ് ജോണ്‍, വൈസ് പ്രിന്‍സിപ്പില്‍മാരായ  Dr. ഡേവിസ് സേവിയര്‍, Dr. സാല്‍വിന്‍ കാപ്പിലിപറമ്പില്‍ , അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവന്‍ ആഷിഷ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments