Latest News
Loading...

സഹകരണമേഖലയെ എല്‍ഡിഎഫ് തകര്‍ക്കാന്‍ ശ്രമിക്കുന്നു. യുഡിഎഫ്




ഭരണം ലഭിക്കാത്ത സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് നേതാക്കളും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. മുന്‍ധാരണകള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തലപ്പലം ബാങ്കിന് മുന്നില്‍ നടന്ന സമരം ഇതിന്റെ തെളിവാണെന്നും ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ പറഞ്ഞു. 

തലപ്പത്ത് ഇന്നലെ നടന്ന സമരം 


സംസ്ഥാനത്ത് പലയിടത്തും സഹകരണബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ച വാര്‍ത്തകള്‍ പരന്ന സാഹചര്യത്തില്‍ മീനച്ചില്‍ താലൂക്കിലെ സഹകരണസ്ഥാപനങ്ങളിലെ ഭരണനേതൃത്വത്തെയും കക്ഷിനേതാക്കളെയും വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്തിരുന്നു. താലൂക്ക് പരിധിയില്‍ ഏതെങ്കിലും വിഷയമുണ്ടായാല്‍തന്നെ സമരകോലാഹാലങ്ങള്‍ നടത്തി നിക്ഷേപകരെ പരിഭ്രാന്തരാക്കരുതെന്നും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഇന്നലെ തലപ്പലം ബാങ്കിന് മുന്നില്‍ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു.





കഴിഞ്ഞ 25 വര്‍ഷമായി ലാഭവിഹിതം കൊടുക്കുന്ന ബാങ്കാണ് തലപ്പലം ബാങ്ക്. ബാങ്കിനെതിരെ പലതവണ അന്വേഷണം വന്നെങ്കിലും കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാനത്തെമ്പാടെയും മീനച്ചില്‍ താലൂക്കിലും സര്‍ക്കാര്‍ ഹീനമായ നടപടികളാണ് സ്വീകരിക്കുന്നത്. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് മുന്നിലാണ് സമരം നടത്തിയത്. എന്നാല്‍ ഗുരുതരമായ പ്രശ്‌നം നേരിടുന്ന എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കുകളില്‍ പരിശോധന പോലും ഇല്ല. ഈ സമീപനം സംസ്ഥാനതലത്തില്‍ സ്വീകരിച്ചാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 


തകര്‍ന്ന ബാങ്കുകളുടെ അലയൊലികള്‍ സമീപബാങ്കുകളിലും എത്തുന്നുണ്ട്. വലിയതോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് ബാങ്കുകളെ തകര്‍ക്കും. ഇതൊഴിവാക്കാന്‍ പണം നല്‍കുന്നതിന് പരിധി നിശ്ചിയിച്ചിട്ടുണ്ട്. കേരള ബാങ്ക് രൂപീകരണവും തിരിച്ചടിയായിട്ടുണ്ട്. ആര്‍ബിഐ ഗൈഡ്‌ലൈനിന് വിരുദ്ധമായി ഒരുരൂപ പോലും മാറ്റാനാവില്ല. സഹകരണബാങ്കുകള്‍ 30 ശതമാനം വരെ കേരളബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. നിക്ഷേപം പിന്‍വലിക്കുന്നത് സ്‌ഫോടനാത്കമായ ഫലം ഉളവാക്കുമെന്നും സജി പറഞ്ഞു. 

പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ നിക്ഷേപ പലിശ ഉയര്‍ത്തല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് പരിഗണിച്ചിട്ടില്ലെന്നും സജി പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ മീനച്ചില്‍ താലൂക്കില്‍ പ്രതിസന്ധി നേരിടുമ്പോള്‍, യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. 


യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, പാലാ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ സുരേഷ്, മോളി പീറ്റര്‍, കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട്, ആര്‍ പ്രേംജി, ഷോജി ഗോപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments