പതിനഞ്ചു വർഷമായി തരിശു കിടന്ന സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കൃഷിയിറക്കി എലിക്കുളം നാട്ടുചന്ത പ്രവർത്തകർ. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഏഴാം മൈൽ-പാമ്പോലി റോഡിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കർ പുരയിടത്തിലാണ് എലിക്കുളം നാട്ടുചന്തയുടെ പ്രവർത്തകർ കൃഷിയിറക്കിയത്. പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴവിത്ത് നട്ട് കൃഷിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു.
നാട്ടുചന്തയുടെ നേതൃത്വത്തിൽ സമ്മിശ്രകൃഷി രീതികളാണ് ഇവിടെ പരീക്ഷിക്കുക. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, വഴുതന, തക്കാളി, ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയാണ് കൃഷി ചെയ്യുക. ഇതുകൂടാതെ കൃഷി ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും ജൈവകൃഷി രീതികൾ കണ്ട് പഠിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
പഞ്ചായത്തംഗവും എലിക്കുളം നാട്ടുചന്തയുടെ രക്ഷാധികാരിയുമായ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ് പദ്ധതി വിശദീകരണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്തംഗം സിനി ജോയ്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, സോണിച്ചൻ ഗണപതി പ്ലാക്കൽ, മാത്യു കോക്കാട്ട്, ബിനോയ് കുറ്റിക്കാട്ട് എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ് കരുണാകരൻ എന്നിവർ പ്രസംഗിച്ചു. ഇടനിലക്കാരില്ലാതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിപണിയൊരുക്കുന്ന കുരുവിക്കൂട് എലിക്കുളം നാട്ടുചന്ത വിഷരഹിതമായ വിളകൾ കൃഷി ചെയ്യാനായാണ് തരിശുനിലങ്ങൾ കണ്ടെത്തി കൃഷി ഭൂമിയാക്കുന്നത്. കൃഷി വകുപ്പാണ് സഹായങ്ങൾ നൽകുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments