Latest News
Loading...

പി.പി മുകുന്ദന്‍ അന്തരിച്ചു



മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. കരളില്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആര്‍എസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും. 


കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ കൃഷ്ണന്‍ നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വര്‍ഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.





.കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ അദ്ദേഹം ആര്‍എസ്എസിലൂടെയാണ് കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്നത്. ഏറെ വിമര്‍ശനം ഉയര്‍ന്ന കോ-ലീ-ബി പരീക്ഷണമടക്കം കേരളത്തില്‍ നടപ്പാക്കുന്നതില്‍ പിപി മുകുന്ദന്റെ ഇടപെടല്‍ വലുതായിരുന്നു. പാര്‍ട്ടിയിലടക്കം അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.



ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു അദ്ദേഹം. മികച്ച സംഘാടനെന്ന നിലയില്‍ അടിയന്തിരാവസ്ഥക്കാലത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച.  ബേപ്പൂരിലും വടകരയിലും കോലീബി പരീക്ഷണങ്ങളടക്കം നടത്തി കേരള രാഷ്ട്രീയത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്..


   




Post a Comment

0 Comments