Latest News
Loading...

ഈരാറ്റുപേട്ടയില്‍ സംവിധായകന്‍ നജീം കോയയുടെ മുറിയില്‍ എക്‌സൈസ് പരിശോധന വിവാദമായി


ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡ് വിവാദമായി. സംവിധായകന്‍ നജീം കോയയ്‌ക്കെതിരായ എക്‌സൈസ് റെയ്ഡ് ഗൂഢാലോചനയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. നജീമിന്റെ പക്കല്‍ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു പരിശോധന നടത്തിയതെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ വിശദീകരണം.


.ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സിയെ വഴിതെറ്റിച്ചെന്ന് ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.  സംവിധായകനെതിരെ വിവരം കൊടുത്തവര്‍ക്ക് എതിരെ അന്വേഷണം വേണം. നജീം കോയയെ കുടുക്കാന്‍ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടുവരും വരെ പ്രതിഷേധം. എക്‌സൈസിനൊപ്പം എത്തിയ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഫെഫ്ക ആരോപിച്ചു. 



മദ്യപിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാത്ത തന്നെ മനഃപൂര്‍വം കുടുക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്നാണു നജീം പറയുന്നത്. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്‌സൈസ് സംഘം നജീമിന്റെ മുറിയില്‍ പരിശോധന നടത്തിയത്. ഒടിടി വെബ് സീരീസിന്റെ ചിത്രീകരണത്തിനായി ഈരാറ്റുപേട്ടയില്‍ എത്തിയതാണ് ഇദ്ദേഹം. ഹോട്ടല്‍ മുറിയിലെ കര്‍ട്ടന്റെ തയ്യല്‍ഭാഗം വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്താന്‍ കഴിയാതെ ക്ഷമാപണവും നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തുടര്‍ന്നാണു നജീം മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയത്. ചലച്ചിത്രരംഗത്തും വെബ്‌സീരീസ് രംഗത്തും തന്റെ ഭാവിയും അവസരങ്ങളും നശിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇദ്ദേഹം.


''ഇന്നലെ രാത്രി 9.30- 10 മണിയോടെ ഷൂട്ടിംഗ് തീര്‍ന്നു റൂമില്‍ വന്നു. സ്പോട്ട് എഡിറ്ററെ വിളിച്ച് വരുത്തി ഷൂട്ട് ചെയ്തത് നോക്കുകയായിരുന്നു. പെട്ടെന്ന് റൂമിന് മുട്ടുന്നത് കേട്ടു. തുറന്നപ്പോള്‍ അവര്‍ റൂമിലേക്ക് കയറി പറഞ്ഞു ഐബിയാണ് എക്സൈസ് ആണ് സഹകരിച്ചേ പറ്റൂ എന്ന് പറഞ്ഞു. തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞ് അവര്‍ കയറി റൂം മുഴുവന്‍ അരിച്ച് പെറുക്കി.


താന്‍ ഇട്ട അടിവസ്ത്രം അടക്കം പരിശോധിച്ചു. സാധനം എടുക്ക് എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്ത് സാധനമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അത് ഞങ്ങള്‍ തപ്പിക്കൊളളാം എന്ന് പറഞ്ഞു രണ്ട് മണിക്കൂറോളം പരിശോധിച്ചു. അവര്‍ എന്തെങ്കിലും റൂമില്‍ വെച്ച് തന്നെ പെടുത്തുമോ എന്നുളള ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് കാരണം അവര്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിന് അനുസരിച്ച് താനും മാറിക്കൊണ്ടിരുന്നു.


മൂന്ന് പേര് ബാത്ത് റൂമില്‍ കയറി. താന്‍ കൊട്ടുമ്പോള്‍ തുറക്കാമെന്ന് പറയും. ബെഡ്ഡൊക്കെ വലിച്ച് താഴെ ഇട്ടു. ബാഗൊക്കെ മുഴുവന്‍ കുടഞ്ഞിട്ടു. സോക്സിനുളളിലൊക്കെ കയ്യിട്ട് നോക്കി. താമസിക്കുന്ന ഹോട്ടലില്‍ സിനിമയുടെ ക്രൂ ഉണ്ട്. ഇവരുടെ ആരുടെ അടുത്തും പോകാതെ തന്റെ അടുത്ത് തന്നെ വരാനുളള കാരണം എന്താണെന്ന് ചോദിച്ചു. അപ്പോള്‍ പറഞ്ഞു നിങ്ങളുടെ പേര് പറഞ്ഞ് ഇന്‍ഫര്‍മേഷന്‍ വന്നു എന്ന്. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.


അവസാനം റൂമില്‍ നിന്ന് ഒന്നും കിട്ടിയില്ല എന്ന് എഴുതിത്തന്ന് സോറിയും പറഞ്ഞിട്ട് പോയി. രണ്ട് മണിക്കൂര്‍ തന്നെ കഷ്ടപ്പെടുത്തി, മാനസികമായി ബുദ്ധിമുട്ടിച്ചിട്ട് ഒരു സോറിയും പറഞ്ഞിട്ട് പോയി. ഷൂട്ട് കഴിഞ്ഞ് വന്ന് തളര്‍ന്നിരിക്കുകയായിരുന്നു താന്‍. അവര്‍ തിരുവനന്തപുരത്ത് നിന്ന് വന്നു എന്നാണ് പറഞ്ഞത്. ഒപ്പം ഈരാറ്റുപേട്ട പോലീസും ഉണ്ടായിരുന്നു''. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് നജീം കോയ പറഞ്ഞു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments