Latest News
Loading...

എസ്ഐ ജോബി ജോര്‍ജിന് സഹപ്രവർത്തകരുടെ ആദരം




ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ  അപകടത്തിൽ മരിച്ച രാമപുരം സ്റ്റേഷൻ ഗ്രേഡ് എസ്ഐ ജോബി ജോര്‍ജിന് ഗാർഡ് ഓഫ് ഹോണർ നൽകി സഹപ്രവർത്തകരുടെ ആദരം. അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിയും ജനപ്രതിനിധികളും  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ വൻ ജനാവലി എത്തി.  


 കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന്ശേഷം തിങ്കൾ പകൽ 2.15നാണ് ജോബി രണ്ട് വർഷമായി സേവനമനുഷ്ടിച്ചുവന്ന രാമപുരം പൊലീസ് സ്റ്റേഷനിലേയ്ക്ക് മൃതദേഹം എത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേതാക്കളും ബഹുജനങ്ങളും ഉൾപ്പെടെ വൻ ജനാവലി സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. ജോലി സമയങ്ങളിൽ രാപകലില്ലാതെ കർമ്മനിരതനായ ജോബിയുടെ ഓർമകൾ നിറഞ്ഞ സ്‌റ്റേഷൻ വളപ്പിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സഹപ്രവർത്തകർ പലരും വികാരാധീനരായി. 


സർക്കാരിന് വേണ്ടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം എസ് തിരുമേനി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എ അനസ്, സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ അജേഷ്, പാലാ ഡിവൈഎസ്പി എ ജെ തോമസ് എന്നിവരും മൃതദേഹത്തെ അനുധാവനം ചെയ്ത് സ്റ്റേഷനിൽ എത്തിയിരുന്നു. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട നിരവധിപേർ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. 


അര മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം സഹപ്രവർത്തകർ ഔദ്യോഗിക ബഹുമതിയോടെ ഗാർഡ് ഓഫ് ഹോണർ അർപ്പിച്ചാണ് പൊൻകുന്നത്തെ വസതിയിലേയ്ക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി, രാമപുരം ലോക്കൽ സെക്രട്ടറി എം ടി ജാന്റീഷ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പെരുന്നക്കോട്ട്, സണ്ണി പുതിയിടം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു പുതിയിടത്തു ചാലിൽ, ഡിസിസി സെക്രട്ടറി സി ടി രാജൻ, രഞ്ജിത്ത് ജി മീനാ ഭവൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments