Latest News
Loading...

മലയാളികൾ സ്വയം ചികിത്സയുടെ വിപത്തുകളെക്കുറിച്ച് ബോധവാന്മാരാകണം: തോമസ് ചാഴികാടൻ എം.പി




സ്വയം ചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെക്കുറിച്ച് മലയാളികൾ ബോധവാന്മാരാകണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോട്ടയം നാഗമ്പടം മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച 'ആന്റി ബയോട്ടിക്ക് ഉപയോഗവും പ്രതിരോധവും 'ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
 ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇനി മുതൽ ആന്റി ബയോട്ടിക്ക് മരുന്നുകൾ ആന്റി ബയോട്ടിക്ക് എന്നു സീൽ ചെയ്ത പ്രത്യേകം കവറുകളിലാണ് ലഭിക്കുക. ഈ സീലിന്റെ പ്രകാശനം തോമസ് ചാഴികാടൻ എം.പി പ്രൈവറ്റ് മെഡിക്കൽ സ്റ്റോർ അസോസിയേഷൻ പ്രതിനിധി കെ. ജെ. ആന്റണിക്ക് നൽകി നിർവഹിച്ചു.


'ആന്റിബയോട്ടിക്ക് ഉപയോഗവും കരുത്താർജ്ജിക്കുന്ന രോഗാണുക്കളും' എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് മൈക്രോ ബയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിമ്മി പോൾ സെമിനാർ നയിച്ചു. 'ആന്റിബയോട്ടിക്ക് സാക്ഷരത' എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സാംക്രമിക  രോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ആർ. അരവിന്ദ് ക്ലാസ്സെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ശങ്കർ മോഡറേറ്ററായിരുന്നു.



.

ലോകം അഭിമുഖീകരിക്കുന്ന പത്ത് ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് പ്രതിരോധം ആർജ്ജിച്ച അണുക്കളിൽ നിന്നും ഉണ്ടാകുന്ന അണുബാധയെന്ന് ഡോ നിമ്മി പോൾ പറഞ്ഞു. 2050 ആവുമ്പോഴേക്കും പത്ത് ശതമാനം ആളുകളും മരിക്കുന്നത് ഇത്തരത്തിലുള്ള അണുബാധ മൂലമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചെറിയ മുറിവുകൾ വരെ ഇന്ന് മരണത്തിലേക്ക് കലാശിക്കുന്നത് പ്രതിരോധം ആർജ്ജിച്ച അണുക്കളിൽ നിന്നുമാണ്. ഇത്തരം അണുക്കളെ നശിപ്പിക്കാനുള്ള മരുന്നുകൾ ഇന്നില്ല. ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗമാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. ജലദോഷ പനി വന്നാൽ പോലും സ്വയം ആന്റി ബയോട്ടിക്കുകൾ വാങ്ങിച്ച് കഴിക്കുന്ന ശീലമാണ് ഇന്ന് മലയാളികൾക്കുള്ളത്. അതുമല്ലെങ്കിൽ മുൻപ് പനി വന്നപ്പോൾ ഡോക്ടർ കുറിച്ച് തന്നതോ ആയ മരുന്നുകളാണ് കഴിക്കുന്നത്. ചെറിയ ജലദോഷപ്പനിക്കോ, ചെറിയ രീതിയിലുള്ള വയറിളക്ക രോഗങ്ങൾക്കോ അലർജി മൂലമുള്ള ആസ്മയ്‌ക്കോ ആന്റി ബയോട്ടിക്കുകൾ കഴിക്കേണ്ട ആവശ്യമില്ല.

മനുഷ്യർക്ക് മാത്രമല്ല വളർച്ച കൂട്ടാനും അണുബാധ മുൻകൂട്ടി തടയാനുമായി മൃഗങ്ങൾക്കും വളർത്തുമീനുകൾക്കും ആന്റി ബയോട്ടിക്ക് നൽകരുത്. ഭക്ഷണത്തിലൂടെ ഇത് മനുഷ്യരിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. ഏകാരോഗ്യം എന്നത് നമ്മൾ ശീലമാക്കണം.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുക, താത്ക്കാലിക രോഗ ശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ച് പൂർത്തിയാക്കുക, ബാക്കി വന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നീ മാർഗങ്ങളിലൂടെ പ്രതിരോധശേഷി ആർജ്ജിച്ച അണുക്കളിൽ നിന്നുള്ള അണുബാധയെ വലിയ രീതിയിൽ തടയാൻ സാധിക്കുമെന്ന് സെമിനാർ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  പി.എസ്. പുഷ്പമണി ചടങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, ആർദ്രം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ എ.ആർ. ഭാഗ്യശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ജെ സിതാര, ഡ്രഗ്ഗ് ഇൻസ്‌പെക്ടർ സി.ഡി. മഹേഷ്, ജില്ലാ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments