പാലാ:
യുഡിഎഫും ബിജെപിയും കേരളത്തിൽ തുടർന്നുവരുന്ന പ്രതികാര രാഷ്ട്രീയത്തെയും കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിനെയും ഇച്ഛാശക്തി കൊണ്ട് പ്രതിരോധിച്ച് ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ചാണ് എൽഡിഎഫ് സർകാർ കേരളത്തെ വികസന രംഗത്ത് നയിക്കുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.
എൽഡിഎഫ് തുടർഭരണത്തിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാലായിൽ സംഘടിപ്പിച്ച വമ്പിച്ച റാലിയോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി.
പാവപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് വികസനരംഗത്ത് കൈകൊണ്ട് നടപടികളാണ് എൽഡിഎഫ് സർക്കാരിന് തുടർഭരണം സൃഷ്ടിച്ചത്. സർക്കാരിന്റെ കരുതൽ അനുഭവിക്കാത്ത ഒരു വിഭാഗവും കേരളത്തിലില്ല. ഇതിന്റെ പ്രതിഫലനമാണ് വിദ്യാഭ്യാസ, ആരോഗ്യ, പൊതു ഗതാഗത രംഗങ്ങളിലാകെ ദൃശ്യമാകുന്നത്. ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികൾ മറ്റൊരു സംസ്ഥാനത്തിനും കേരളത്തിലെ തന്നെ മുൻ സർക്കാറുകൾക്ക് ഒന്നിനും അവകാശപ്പെടാൻ ആകാത്ത വികസന നേട്ടങ്ങളാണ്.
.എന്നാൽ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി എൽഡിഎഫ് സർക്കാരിനെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഇത്തരം നടപടികളെ മറികടന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കർശന സാമ്പത്തിക അച്ചടക്കം പാലിച്ചാണ് കേരളം സാമ്പത്തികമായി രാജ്യത്ത് ഒന്നാമതായി വളർച്ച കൈവരിച്ചത്. കേരളത്തിന്റെ ബജറ്റിനെ പോലും തകർക്കാനുള്ള പ്രതികാര നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. വികസനരംഗത്ത് മുന്നേറുമ്പോൾ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം അനുവർത്തിക്കുന്നത്.
ഇതിനിടെയാണ് സംസ്ഥാനത്തെ സമാധാന ജീവിതം തകർക്കാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ. വർഗീയതയും മതപരമായ വിഭാഗീതയും ജാതീയമായ വേർതിരിവും സൃഷ്ടിച്ച് ഭിന്നിപ്പിക്കൽ തന്ത്രത്തിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി ചർച്ചകൾ പോലും അനുവദിക്കാതെ ഏകപക്ഷീയമായ ഭരണനടപടികളാണ് കേന്ദ്രം തുടരുന്നത്. രാജ്യത്തിന്റെ ചരിത്രവും ശാസ്ത്രവും തിരുത്തുന്ന ബിജെപി ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന നടപടികളാണ് തുടരുന്നത്. ഭരണഘടനയെ പോലും തകർക്കാനാണ് ശ്രമം. വർഗീയതയെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യവും ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാകും. എന്നാൽ ഇതിനെ നേരിടുന്നതിൽ കോൺഗ്രസ് തികഞ്ഞ പരാജയമാണ്- ജോസ് കെ മാണി പറഞ്ഞു.
യോഗത്തിൽ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിശ്വൻ, ബാബു കെ.ജോർജ്, വി.ബി.ബിനു. എന്നിവർ പ്രസംഗിച്ചു.
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നടത്തി.പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി ഡേവിഡ്, അഡ്വ.ജോസ് ടോം, ഫ്രാൻസിസ് തോമസ്, ബെന്നി മൈലാ ടൂർ,ഷെമീർ അഞ്ചലിപ്പ, ഷാജി കടമല ,ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, ടോബിൻ' കെ.അലക്സ്, പീറ്റർ പന്തലാനി, വി.എൽ.സെബാസ്ത്യൻ, ജോസിന് ബിനോ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി എന്നിവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments