Latest News
Loading...

കാലിത്തീറ്റയിലെ മായത്തിനെതിരേ ശക്തമായ നടപടി: മന്ത്രി ജെ. ചിഞ്ചുറാണി



കാലിത്തീറ്റകളിൽ പാറപ്പൊടിയും മറ്റും കലർത്തുന്നതായി ക്ഷീരകർഷകരിൽ നിന്ന് പരാതി ലഭിക്കുന്നുണ്ടെന്നും ഇതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീരസംഗമം കിടങ്ങൂർ സെന്റ് മേരീസ് പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മൃഗങ്ങൾക്കുള്ള തീറ്റ, ധാതുലവണമിശ്രിതം എന്നിവയിൽ മായം കലർത്തുന്നത് അവയുടെ ജീവനു തന്നെ ഹാനികരമാണ്. ഇതു സംബന്ധിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി കൂടുതൽ നിയമനിർമാണം നടത്തേണ്ടതുണ്ട്. കാലിത്തീറ്റ ഗുണനിലവാര പരിശോധനകൾക്കായി കൂടുതൽ ലാബുകൾ സ്ഥാപിക്കും. കേരളത്തിൽ 50 ശതമാനം തീറ്റ മിൽമയും കേരള ഫീഡ്സുമാണ് നൽകുന്നത്. ബാക്കി 50 ശതമാനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാണ്. നിലവിൽ നഗരസഭാ പരിധിയിലെ ക്ഷീരകർഷകരെ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണമേഖലയിലെ ക്ഷീരകർഷകരെ കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി ശ്രമങ്ങൾ നടത്തിവരികയാണ്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകർ നിർബന്ധമായും പശുക്കളെ ഇൻഷ്വർ ചെയ്യണം. ഇൻഷുറൻസ് ഉണ്ടെങ്കിൽ പശുക്കൾ നഷ്ടപ്പെട്ടാൽ മറ്റൊന്നിനെ വാങ്ങുന്നതിനുള്ള തുക ഇൻഷുറൻസിൽ നിന്ന് ലഭിക്കും. ക്ഷീരകർഷകർക്ക് ത്രിതലപഞ്ചായത്തുകളുടെ സഹായത്തോടെ പാൽ ഇൻസെന്റീവായി 24 കോടി രൂപ നൽകാനായി. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് നാലുരൂപയാണ് ഇൻസെന്റീവ് നൽകുന്നത്. രണ്ടു ലക്ഷം രൂപ വരെ ഇത്തരത്തിൽ മാസം ഇൻസെന്റീവ് നൽകുന്ന കർഷകരുണ്ട്.



കേരളത്തിൽ കാലിത്തീറ്റ വിലകുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പശുക്കൾക്ക് 60 ശതമാനം പുല്ലാണ് നൽകേണ്ടത്. കിസാൻ റെയിൽ പദ്ധതി വഴി കേരളത്തിലേക്ക് വൈക്കോൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചോളത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന സൈലേജിന്റെ നിർമാണം വ്യാപകമാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിടങ്ങൂർക്കാർക്കു ക്രിസ്മസ് പുതുവത്സരസമ്മാനമായി കൂടല്ലൂരിൽ വെറ്ററിനറി സബ്സെന്റർ ആരംഭിക്കുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ഉത്തരവുമായാണ് മന്ത്രി വേദിയിലെത്തിയത്. വേദിയിൽ മന്ത്രി ഉത്തരവ് മോൻസ് ജോസഫ് എം.എൽ.എയ്ക്കും മറ്റ് ജനപ്രതിനിധികൾക്കുമായി കൈമാറി. അതിദരിദ്ര വനിതകൾക്ക് പ്രത്യേക ഡയറി യൂണിറ്റ് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാമപുരം നോർത്ത് ക്ഷീര സഹകരണ സംഘത്തിലെ ജോളി ജോസ് ഇടത്തനാംകുന്നേലിന് ആനുകൂല്യം നൽകി മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, മിൽമ ചെയർമാൻ എം.ടി. ജയൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, ബ്ലോക്ക്പഞ്ചായത്തംഗം മേഴ്സി ജോൺ, കേരള ഫീഡ്സ് എം.ഡി. ഡോ. ബി. ശ്രീകുമാർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, മിൽമ ബോർഡംഗം സോണി ഈറ്റയ്ക്കൻ എന്നിവർ പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ഐ.ടി. സെൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. രജിത റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. ഞീഴൂർ ക്ഷീരസംഘം മികച്ച ആപ്കോസ് ക്ഷീരസംഘമായി. നോൺ ആപ്കോസ് വിഭാഗത്തിൽ അരീപ്പറമ്പ് ക്ഷീരസംഘം സമ്മാനർഹരായി. തലയാഴം ക്ഷീരസംഘമാണ് മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ച സംഘം. കോഴ, വട്ടമുകളേൽ ബിജുമോൻ തോമസാണ് 
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ക്ഷീരസംഘത്തിൽ അളന്ന കർഷകൻ, ജില്ലയിലെ ഏറ്റവും കൂടുതൽ പാൽ അളന്ന വനിത കർഷക ഇരവിമംഗലം പൈനുങ്കൽ ആലീസ് സേവ്യറാണ്. എസ് സി/എസ് ടി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നത് കല്ലറ വറക്കാട്ടുകുഴി പി.ടി. ശശികുമാറാണ്. മണ്ണാക്കനാട് പകലോമറ്റംമുളക്കട്ടിൽ നിവിൻ ജോർജ് മികച്ച യുവകർഷകനും പാറത്തോട് പുത്തൻപുരയ്ക്കൽ റിനി നിഷാദ് മികച്ച യുവകർഷകയുമായി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും മന്ത്രി നിർവഹിച്ചു..


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments