Latest News
Loading...

ബി ജെ പിയിലേക്ക് എന്ന പ്രചാരണം അടിസ്ഥാന രഹിതം: മാണി സി കാപ്പൻ

പാലാ: താൻ ബി ജെ പി മുന്നണിയിൽ പോകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ബി ജെ പി യിലേയ്ക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും ഇല്ല. പാലായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനു പിന്നിൽ ദുരുദ്ദേശമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കേരളാ കോൺഗ്രസ് എമ്മിനെ കൊണ്ടുവരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ പാലായിലെ കോൺഗ്രസുകാരുടെ അഭിപ്രായം ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് കാപ്പൻ പറഞ്ഞു. ചിന്തൻ ശിബിരത്തിലെ അഭിപ്രായം കോൺഗ്രസിൻ്റെതാണ്. അത് പറയാൻ അവർക്കു സ്വാതന്ത്ര്യമുണ്ട്. വിഷയം യു ഡി എഫിൽ ചർച്ചയ്ക്കു വന്നിട്ടില്ല. വന്നാൽ പാർട്ടിയിൽ ചർച്ച ചെയ്തു അഭിപ്രായം പറയും. 

യു ഡി എഫിൽ ഡി സി കെ യ്ക്കു അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന് താൻ വോട്ടു ചെയ്തിട്ടില്ല. അത് യു ഡി എഫിൻ്റെ നയത്തിൻ്റെ ഭാഗമാണ്. വോട്ടു ചെയ്തിരുന്നുവെങ്കിൽ തുറന്നു പറയാനുള്ള ആർജ്ജവം തനിക്കുണ്ട്. 

പാലാക്കാർ തന്നിലർപ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുകയില്ല. ജനം ഏൽപ്പിച്ച ജോലി ഇട്ടെറിഞ്ഞ് മാറി മാറി പോകാൻ താനില്ല. അഭ്യൂഹങ്ങളും വ്യാജ പ്രചാരണങ്ങളും തനിക്കെതിരെ ആസൂത്രിതമായി നടക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് അഭ്യൂഹക്കാർ മന്ത്രി ശശീന്ദ്രനെ മാറ്റി തന്നെ എൽ ഡി എഫിൽ എത്തിച്ചു മന്ത്രിയാക്കിയിരുന്നുവെന്നു എം എൽ എ പറഞ്ഞു. 


പാലായുടെ വികസനം അട്ടിമറിയ്ക്കാൻ കേരളാ കോൺഗ്രസ് എം ശ്രമിക്കുകയാണെന്ന് മാണി സി കാപ്പൻ കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ് എമ്മിൻ്റെ കീഴിലുള്ള ജലവിഭവ വകുപ്പിനു കീഴിലെ പദ്ധതി പോലും നടപ്പാക്കുന്നില്ല. അപ്രോച്ച് റോഡ് ഇല്ലാതെ പണി കഴിച്ച കളരിയമ്മാക്കൽ കടവ് പാലത്തിന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പണം അനുവദിപ്പിച്ചെങ്കിലും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതു പോലെ തടസ്സപ്പെടുത്തിയിരിക്കുന്ന നിരവധി പദ്ധതികൾ പാലായിൽ ഉണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് ടൂറിസം മേഖലകൾ വികസിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. 

നഗര കേന്ദ്രീകൃതമാകാതെ വികസനം ഗ്രാമപ്രദേശങ്ങളിൽ എത്തിക്കാൻ താൻ മുൻഗണന നൽകുന്നുണ്ട്. പാലാക്കാർക്കു എല്ലാ കാര്യങ്ങളും വ്യക്തമാണ്. പാലായുടെ വികസനത്തിനായി ആരുമായി സഹകരിക്കും. നാടിൻ്റെ വികസനത്തിനു രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, തോമസ് ആർ വി ജോസ്, ജിമ്മി ജോസഫ്, അഡ്വ സന്തോഷ് മണർകാട്, ജോസ് വേരനാനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.





Post a Comment

0 Comments