Latest News
Loading...

സ്‌നേഹദീപം പദ്ധതി നാടിന് മാതൃകയാകുന്നു

 5 മാസംകൊണ്ട് വാസയോഗ്യമായ വീടില്ലാത്ത 5 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സ്‌നേഹവീടുകള്‍ നിര്‍മ്മിച്ച് നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം കൊടുക്കുന്ന സ്‌നേഹദീപം പദ്ധതി നാടിന് മാതൃകയാകുന്നു. കൊഴുവനാല്‍ പഞ്ചായത്തില്‍ 5 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 6-ാമത് സ്‌നേഹവീടിന്റെ നിര്‍മ്മാണം എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരിയിലും, 7-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം മുത്തോലി പഞ്ചായത്തിലെ നെയ്യൂര്‍ വാര്‍ഡിലും നടന്നു വരുന്നു. 8-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ജൂണ്‍ 1-ന് കൊഴുവനാലില്‍ ആരംഭിക്കുകയാണ്. 

3 മുറി, അടുക്കള, ഹാള്‍, സിറ്റൗട്ട്, 2 ശുചിമുറി എന്നിവയോടുകൂടിയ 550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ചതുരശ്ര അടിയ്ക്ക് 750 രൂപ നിരക്കിലാണ് നിര്‍മ്മിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതും ചുരുങ്ങിയ ചിലവില്‍ നിര്‍മ്മാണം നടക്കുന്നതും സ്‌നേഹദീപം പദ്ധതിയുടെ പ്രത്യേകതയാണ്. 300 സുമനസ്സുകളുടെ സഹകരണത്തോടെ എല്ലാവരില്‍ നിന്നും പ്രതിമാസം ലഭിക്കുന്ന മിനിമം ആയിരം രൂപ വീതം ചേര്‍ത്ത് സ്‌നേഹദീപം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹദീപം പദ്ധതി സമൂഹത്തിന് അനുകരണീയമായ മാതൃകയാണ് നല്‍കുന്നത്. 


3-ാം സ്‌നേഹവീടിന്റെ താക്കോല്‍ ദാനത്തിനെത്തിയ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ 2022-ല്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന എല്ലാ വീടുകള്‍ക്കും 50000 രൂപ വീതം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ച ഒന്നാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും, രണ്ടാം വീടിന്റേത് മാണി സി. കാപ്പന്‍ എം.എല്‍.എ.യും, മൂന്നാം സ്‌നേഹവീടിന്റേത് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേലും, നാലാം സ്‌നേഹവീടിന്റേത് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും നിര്‍വ്വഹിക്കുകയുണ്ടായി.  


മാര്‍ച്ച് മാസത്തില്‍ അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി വീതസംഘാനാന്ദ ശിലാസ്ഥാപന കര്‍മ്മം നടത്തിയ അഞ്ചാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം  30/05/2022, തിങ്കള്‍ വൈകുന്നേരം 4.30-ന് കെഴുവംകുളത്ത് വച്ച് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ നിര്‍വ്വഹിക്കുന്നതാണ്. സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ലിന്‍ ജെയിംസ്, ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്‍, പി.ജി. ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, ജോസ് തോണക്കരപ്പാറയില്‍, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിയ്ക്കല്‍, മാര്‍ട്ടിന്‍ കോലടി, ഷാജി വളവനാല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, കെ.എസ്. സജി വെള്ളാപ്പള്ളില്‍, ജിനു ബി. നായര്‍ എന്നിവരടങ്ങുന്ന 15 അംഗ ഭരണ സമിതിയാണ് നേതൃത്വം കൊടുക്കുന്നത്.

Post a Comment

0 Comments