Latest News
Loading...

ബ്ലഡ് ബാങ്കുകൾ കാലിയാവുന്നു

പാലാ: രക്തദാതാക്കളെ തിരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും  കാലിയായി തുടങ്ങി. ആവശ്യത്തിന് രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീർണാവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു.

     ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്ക് വിധേയരാകേണ്ട രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ.  രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും എല്ലാവരും ഒരു നിസ്സഹായവസ്ഥയിലുള്ള സാഹചര്യമാണ് നിലനില്ക്കുന്നത്.


മനുഷ്യജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് യഥാസമയത്തുള്ള രക്തദാനം.ദാനങ്ങളിലെ മഹാദാനമാണ് രക്തദാനം.യഥാസമയത്ത് രക്തം ലഭ്യമാക്കുക എന്നത് ആവശ്യക്കാരനായ ഓരോ രോഗിയെ സംബന്ധിച്ചിടത്തോളം അവൻ്റെ രണ്ടാം ജന്മത്തിനു കാരണമാകുന്നു. രക്തം ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്ന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വർഷങ്ങൾക്ക് മുമ്പ് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്‌റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ ബ്ലഡ് ഫോറം. തുടക്കത്തിൽ ആയിരത്തോളം അംഗങ്ങളുണ്ടായിരുന്ന ഫോറത്തിൽ സജീവ അംഗങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അംഗത്വം പുതുക്കാനും പുതിയ അംഗങ്ങളെ ചേർക്കുവാനും തീരുമാനിച്ച് പാലാ ബ്ലഡ് ഫോറം. 

കോവിഡുമൂലം രണ്ടു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് നീങ്ങുന്നതെന്നും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയിലാണെന്നും ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരണമെന്നും പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ എ എസ് പി യുമായ നിധിൻരാജ് പി.യും ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും അഭ്യർത്ഥിച്ചു.


     18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. കൂടാതെ ഓരോ രക്തദാതാവിനും ഓരോ തവണ രക്തം ദാനം ചെയ്യുമ്പോഴും ആയിരത്തിയിരുന്നൂറോളം (1200 ) രൂപയുടെ ടെസ്റ്റുകൾ സൈജന്യമായി ലഭിക്കുന്നതുൾപ്പടെ ഒരു സ്വയം ഹെൽത്ത് ചെക്കപ്പ് കൂടി ലഭിക്കുന്നുണ്ട്. ഈ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകളും സംഘടനകളും മുമ്പോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.
  കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments