Latest News
Loading...

പാലാ നഗരസഭാ ബജറ്റ് വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് അവതരിപ്പിച്ചു

പാലാ നഗരസഭാ ബജറ്റ് അവതരണം കൗൺസിൽ ഹാളിൽ നടന്നു. 43.76 ലക്ഷം രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് അവതരിപിച്ചത്. 35,22,46,930/- രൂപ വരവും 34,78,70,000 - രൂപ ചെലവുമാണ്  ബജറ്റ്  പ്രതീക്ഷിക്കുന്നത്. യോഗത്തിൽ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു.  ജൻഡർ ആശയം ഉൾക്കൊണ്ടു കൊണ്ടുള്ള ബജറ്റാണ് പാലാ നഗരസഭ അവതരിപ്പിച്ചത്.

കെ.എം മാണിയുടെ സ്മരണയ്ക്കായി പാലാ ജനറൽ ആശുപത്രിയിൽ ആരംഭിക്കാനിരിക്കുന്ന കാൻസർ സെന്ററിന് കെ.എം മാണി മെമ്മോറിയൽ കാൻസർ സെന്റർ എന്ന് നാമകരണം ചെയ്യും. ആശുപത്രിയിലെ കാൻസർ സെന്റർ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയും രോഗീ സൗഹ്യദ ആശുപത്രിയാക്കി മാറ്റുന്നതിന് 1 കോടി രൂപയും വകയിരുത്തി. ഗവൺമെന്റ് ഹോസ്പിറ്റലിൽ ഐ.സി. സൗകര്യങ്ങളടങ്ങിയ പീഡിയാട്രിക് ന്യൂറോ വിഭാഗം, പീഡിയാട്രിക് കാർഡിയോളജി വിഭാഗം വയോജനങ്ങൾക്കും, ഭിന്നശേഷി വിഭാഗങ്ങൾക്കുമായി 25 ബെഡ് അടങ്ങുന്ന സ്പെഷ്യ പാലിയേറ്റീവ് യൂണിറ്റ്, വയോജനങ്ങൾക്കായി വൃക്കരോഗം, പക്ഷാഘാതം മുതലായ രോഗങ്ങൾക്ക് പ്രത്യേക ചികിത്സാ വിഭാഗം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി. ആയുർവേദ ആശുപത്രിയ്ക്ക് 10 ലക്ഷവും ഹോമിയോ ആശുപത്രിയ്ക്ക് 10 ലക്ഷവും നഗരസഭ ലാബ് നവീകരണത്തിന് 1 ലക്ഷവും വകയിരുത്തി.


ഇഎംഎസ് മെമ്മോറിയൽ സ്റ്റേഡിയം എന്ന പേരിൽ തുറന്ന കളിസ്ഥലം നിർമിക്കാൻ 1 കോടി രൂപ. സിന്തറ്റിക് സ്റ്റേഡിയ നവീകരണത്തിന് 15 ലക്ഷം. സ്റ്റേഡിയത്തിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റും ഡ്രസിംഗ് റൂമും നിർമിക്കാൻ 2 ലക്ഷം രൂപ. കായിക വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ 2 ലക്ഷം രൂപ. 

സ്കൂളുകളുടെ നവീകരണത്തിന് 10 ലക്ഷവും ടോയ് ലെറ്റ് സൗകര്യത്തിനായി 1 ലക്ഷവും അവശ്യസാധനങ്ങൾ വാങ്ങുന്നതിന് 2 ലക്ഷവും വനിതാ സൗഹൃദ കൗൺസിലിംഗിന് 3 ലക്ഷവും നഗരസഭ ലൈബ്രറി നവീകരണത്തിന് 5 ലക്ഷവും വകയിരുത്തി.

സ്ത്രീകളിൽ ജീവിതശൈലീരോഗങ്ങളും ആരോഗ്യപ്രശ്നങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആയവയ്ക്ക് ഒരു പരിഹാരമെന്ന നിലയിൽ സ്ത്രീ സൗഹൃദ ഹെൽത്ത് സെന്റർ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു. വിധവകളുടെ വിദ്യാർത്ഥികളായ പെൺമക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഒരു ചെറിയ കൈത്താങ്ങ് നൽകുന്നതിന് പ്രൊഫഷണൽ കോഴ്സ് പഠന സഹായമായി  3 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭാ കാര്യാലയത്തെ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന്റെ പ്രാരംഭമായ നഗരസഭാ ആഫീസിലെ ടോയ്ലറ്റുകൾ നവീകരിച്ച് വെൻഡിംഗ് മെഷീൻ, ഇൻസിനേറ്റർ മുതലായവ സ്ഥാപിച്ച് അത്യാധുനിക രീതിയിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റായി രൂപീകരിക്കുന്നതിലേയ്ക്ക് 6 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭാ പ്രദേശത്തെ ടോയ്ലറ്റുകൾ ലേലം ചെയ്തു കൊടുക്കുമ്പോൾ അത്യാധുനിക രീതിയിലുള്ള സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തും. ആയതിലേയ്ക്ക് 1 ലക്ഷം രൂപ വകയിരുത്തുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങളും പരാതികളും ഉയർന്നു വരുന്ന  സാഹചര്യത്തിൽ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പിലാക്കുന്നതിനായ പൊതുജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും ബോധവത്കരണം നടത്തുന്നതിന്  നടപ്പിലാക്കും. ഇതിലേയ്ക്ക് 1 ലക്ഷം രൂപ വകയിരുത്തുന്നു.

സ്ത്രീകൾ  ചെറുകിട വ്യവസായ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപണന കേന്ദ്രം  തുടങ്ങുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി നടത്തുന്നതിന് 1 ലക്ഷം രൂപ വകയിരുത്തുന്നു.

രാവിലെ 11ന് നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വികസനകാര്യ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, ക്ഷേമകാര്യചെയര്‍പേഴ്‌സണ്‍ ബിന്ദു മനു, ആരോഗ്യകാര്യ ചെയര്‍മാര്‍ ബൈജു കൊല്ലംപറമ്പില്‍, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ നീന ജോര്‍ജ്ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു 


Post a Comment

0 Comments