Latest News
Loading...

കനത്തമഴ; ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ദുരന്തനിവാരണവുമായി   ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജില്ലാതലം മുതല്‍ തദ്ദേശസ്ഥാപന തലംവരെയുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍ വിലയിരുത്തി.  

അടിയന്തര ഘട്ടത്തില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണ്. കാല താമസം കൂടാതെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്യാമ്പുകളുടെ താക്കോലുകള്‍ വില്ലേജ് ഓഫീസര്‍മാരാണ് സൂക്ഷിക്കുന്നത്. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പൂര്‍ണമായും ഉറപ്പാക്കിയാകും ക്യാമ്പുകള്‍ പ്രവർത്തിക്കുക. ക്യാമ്പുകളില്‍ കോവിഡ് ആന്റിജന്‍ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തും. 

ജില്ലാ തലത്തിലും താലൂക്ക് ഓഫീസുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. പോലീസും, ഫോഴ്‌സും അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാണ്. 

വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ച പകലും തുടര്‍ച്ചയായി മഴപെയ്‌തെങ്കിലും മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഇന്നലെ (മെയ് 14 ) വൈകുന്നേരവും  ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗം നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. താഴ്ന്ന മേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായെങ്കിലും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ല.

കോവിഡ് ചികിത്സാ, പരിചരണ കേന്ദ്രങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജനറേറ്ററുകള്‍ സജ്ജമാക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുതമലപ്പെടുത്തി. 

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കൂടുതല്‍ വോളന്റിയര്‍മാരെ  നിയോഗിച്ചിട്ടുണ്ട്.  കോവിഡ് പ്രോട്ടോക്കോളും ശുചിത്വവും ഉറപ്പുവരുത്താന്‍ ഇവര്‍ ശ്രദ്ധിക്കും.  


കുറിച്ചിയില്‍ ഇന്നലെ രാവിലെയുണ്ടായ വെള്ളക്കെട്ട്   ഗ്രാമ പഞ്ചായത്തും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന്  സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ട് പരിഹരിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കളക്ടര്‍  രാജീവ് കുമാര്‍ ചൗധരി പ്രദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 



കണ്‍ട്രോള്‍ റൂം നമ്പരുകള്‍ 
-----------------------
ജില്ലാ എമര്‍ജന്‍ ഓപ്പറേഷന്‍ സെന്റര്‍ കളക്ടറേറ്റ്- 0481 2565400
0481 2566300, 9446562236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
മീനച്ചില്‍-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 202331
വൈക്കം-04829 231331

Post a Comment

0 Comments