Latest News
Loading...

സൗകര്യമുണ്ടെങ്കില്‍ വോട്ട്‌ചെയ്യെന്ന് ജോര്‍ജ്ജ്. സൗകര്യമില്ലെന്ന് തെളിയിച്ച് ജനം


2016-ലെ 27000 വോട്ട് ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മണ്ഡലത്തില്‍ നിറഞ്ഞാടിയ ജോര്‍ജ്ജിന് പരാജയത്തിന്റെ കയ്പുനീര്‍. വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തില്‍ ജനം മാറിച്ചിന്തിക്കുമെന്ന സാധായുക്തിയെ കണക്കിലെടുക്കാതെ ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകളും തിരിച്ചടിയ്ക്ക് ആക്കംകൂട്ടി. 

ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനിടെ കൂക്കിവിളിയുണ്ടായപ്പോള്‍ നീയൊക്കെ സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താ മതിയെന്നായിരുന്നു ജോര്‍ജ്ജിന്റെ നിലപാട്. നീയൊന്നും ചെയ്തില്ലെങ്കിലും 35000ത്തിലധികം വോട്ടിന് വിജയിക്കുമെന്നും മെയ് 2ന് കാണാമെന്നും ജോര്‍ജ്ജ് വെല്ലുവിളിച്ചു. എന്നാല്‍ സൗകര്യപ്പെടാത്തവരുടെ എണ്ണം കൂടിയപ്പോള്‍ എംഎല്‍എ പദവിയ്ക്ക് അവസാനമായി.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മേഖലയില്‍ 9617 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ പിസി ജോര്‍ജ്ജ് 1122 വോട്ടിലൊതുങ്ങി. പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ മാത്രമാണ് പിസി ജോര്‍ജ്ജിന് നേരിയ ലീഡ് ലഭിച്ചത്. ബാക്കി എല്ലാ പഞ്ചായത്തുകളിലും സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നിലെത്തി. 


പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്. എരുമേലി പഞ്ചായത്തുകള്‍ ജോര്‍ജ്ജിനെ പൂര്‍ണമായി കൈവിട്ടു. പാറത്തോട്ടില്‍ 2841 വോട്ടുകള്‍ക്ക് പിന്നില്‍പോയ ജോര്‍ജ്ജ്, വലിയ പ്രകടനം നടത്തിയ മുണ്ടക്കയത്ത് 2712 വോട്ടുകള്‍ക്ക് പിന്നിലായി. ജോര്‍ജ്ജിന്റെ വലിയ ശക്തികേന്ദ്രമെന്ന് കരുതപ്പെട്ടിരുന്ന കോരുത്തോട്ടില് 788 വോട്ടുകള്‍ക്ക് ജോര്‍ജ്ജ് പിന്നിലായി. 


എരുമേലിയില്‍ 4103 വോട്ടുകളുടെ വലിയ ലീഡാണ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ നേടിയത്. 58668 വോട്ടുകള്‍ക്ക് സെബാസ്റ്റിയന്‍ ഒന്നാമതെത്തിയപ്പോള്‍ 41851 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്താനായി എന്നത് മാത്രമാണ് ജോര്‍ജ്ജിന് ആശ്വസിക്കാനുള്ളത്. 



Post a Comment

0 Comments