Latest News
Loading...

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇന്നു തുടക്കം

കോട്ടയം ജില്ലയിലെ 252 സ്കൂളുകളിലായി 19,784 വിദ്യാർഥികൾ ഇന്നു  മുതല്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിച്ച് എസ്.എസ്.എൽ. സി പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.ബിന്ദു അറിയിച്ചു. 

പരീക്ഷാ കേന്ദ്രങ്ങളില്‍ 66 സര്‍ക്കാര്‍ സ്കൂളുകളും 168 എയ്ഡഡ് സ്കൂളുകളും 12 അണ്‍ എയ്ഡഡ് സ്കൂളുകളും ആറ് ടെക്നിക്കൽ സ്കൂളുകളും ഉള്‍പ്പെടുന്നു. 

പരീക്ഷ എഴുതുന്നവരിൽ 10,153 പേര്‍ ആൺകുട്ടികളും 9631 പേര്‍ പെൺകുട്ടികളുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 2078 പേരും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 298 പേരുമുണ്ട്.

ഒരു ബെഞ്ചിൽ രണ്ടു പേർ വീതം എന്ന ക്രമത്തില്‍ 20 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ പരീക്ഷ എഴുതുക. മാസ്ക് നിർബന്ധമാണ്.ശരീരോഷ്മാവ് പരിശോധിച്ച ശേഷം ഓരോ കുട്ടികളെ വീതമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുക. സ്കൂള്‍ കവാടത്തിനു സമീപം കൈ കഴുകുന്നതിന് വെള്ളവും സോപ്പും ഉണ്ടായിരിക്കും.

ക്ലാസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസര്‍ നല്‍കും. കോവിഡ് ബാധിച്ചവർക്കും ക്വാ‍റന്‍റയിനില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ഇത്തരം വിദ്യാർഥികൾ പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തേണ്ടത്. ഈ ക്ലാസ് മുറികളിലെ ഇൻവിജിലേറ്റർമാരും പി.പി.ഇ കിറ്റ് ധരിക്കും.ഇവരുടെ ചോദ്യക്കടലാസുകളും ഉത്തര കടലാസുകളും പ്രത്യേകമായാണ് കൈകാര്യം ചെയ്യുക. 

എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസം 29 നാണ് പരീക്ഷ അവസാനിക്കുക.

Post a Comment

0 Comments