Latest News
Loading...

വേനല്‍മഴ ശക്തം. റോഡുകളിലെമ്പാടും വെള്ളക്കെട്ട്


വേനല്‍മഴ ശക്തമായതോടെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടില്‍ മുങ്ങുകയാണ്. ഈരാറ്റുപേട്ട പാലാ റോഡില്‍ ചെറിയ മഴ പെയ്താല്‍ പോലും വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധമാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഓടകളുടെ അഭാവമോ ഉള്ള ഓവുചാലുകള്‍ അടഞ്ഞുപോയതോ ആണ് വലിയ വെള്ളക്കെട്ടിന് കാരണമാകുന്നത്. 

ഭരണങ്ങാനത്തെ വെള്ളക്കെട്ട്‌

ഭരണങ്ങാനം തറപ്പേല്‍ക്കടവിനും ഇടപ്പാടിയ്ക്കും മധ്യേയാണ് മേഖലയിലെ ഏറ്റവും വലിയ വെള്ളക്കെട്ട്. ഇരുഭാഗങ്ങളിലേയ്ക്കും റോഡ് ഉയര്‍ന്നുനില്‍ക്കുന്ന ഇവിടെ കനത്ത മഴയില്‍ റോഡില്‍ 2 അടിയോളം വെള്ളം ഉയരും. മഴ കഴിഞ്ഞ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ വെള്ളക്കെട്ട് ഒഴിയുക. 

Watch video

വാഹനങ്ങള്‍ ഇരുഭാഗത്തേയ്ക്കും കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നത് ഇവിടെ സ്ഥിരം കാഴ്ച. വലിയ വെള്ളക്കെട്ടില്‍ കാറുകളടക്കം കടന്നുപോകുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്ര വാഹനയാത്രക്കാരും. ഇവിടെ ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. തൊട്ടടുത്ത് അല്‍പം വലിയ പാലമുണ്ടെങ്കിലും ഇവിടേയ്ക്ക് വെള്ളമെത്തിക്കാന്‍ ഓവുചാലുകളില്ല. കാലങ്ങളായി ഈ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയാണെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

പാലാ ടൗണിന് സമീപത്തെ വെള്ളക്കെട്ട്‌

പാലാ ടൗണിന് തൊട്ടടുത്ത് ഇന്‍ഡ്യന്‍ ഓയില്‍ പമ്പിന് സമീപവും സ്ഥിരം വെള്ളക്കെട്ടാണ്. പമ്പിന്റെ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ റോഡിന്റെ പകുതി ഭാഗത്തോളം കയറിക്കിടക്കുന്നത് പതിവ് കാഴ്ച. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തെറ്റായ ദിശയിലൂടെ കടന്നുപോകുന്നത് അപകടങ്ങള്‍ക്കും ഇടയാക്കും. 

കിടങ്ങൂരിലെ വെള്ളക്കെട്ട്‌

കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ സ്വകാര്യആശുപത്രിയ്ക്ക് സമീപവും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇവിടെ റോഡ് കാണാനാവാത്ത വിധമാണ് വെളളമുയരുക. ഇവിടെയും ഓവുചാലുകളില്ലാത്തതാണ് പ്രശ്‌നം. കിടങ്ങൂര്‍ നാല്ക്കാവല മുതല്‍ ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. ഇരുവശത്തേയ്ക്കുമുള്ള വാഹനഗതാഗതം വെള്ളക്കെട്ടിനെ തുടര്‍ന്ന് പലപ്പോഴും തടസ്സപ്പെടാറുണ്ട്. 

കടുവാമൂഴിയിലെ വെള്ളക്കെട്ട്‌

ഈരാറ്റുപേട്ട കടുവമൂഴി ജംഗ്ഷനും സ്ഥിരം വെള്ളക്കെട്ട് കേന്ദ്രമാണ്. പഴയ റോഡ് ഭാഗത്തേയ്ക്ക് വെള്ളം ഓവുചാലിലൂടെ കടത്തിവിടാന്‍ കഴിയാത്തതാണ് വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. പാലാ ഭാഗത്ത് നിന്നും വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വലതുവശത്തേയ്ക്ക് ചേര്‍ക്കുന്നതും അപകടസാഹചര്യം സൃഷ്ടിക്കുകയാണ്. 


മഴക്കാലം എത്തുന്നതിന് മുന്‍പ് വേനല്‍മഴയില്‍ തന്നെ റോഡുകള്‍ വെള്ളക്കെട്ടാകുന്ന സൂചന അധികൃതര്‍ ഗൗരവമായെടുക്കേണ്ടതുണ്ട്. മഴക്കാലത്തിന് മുന്‍പേ ഇത്തരം വലിയ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

0 Comments