കറന്റ് പോയാൽ BSNL ഫോണുകൾ നോക്കുകുത്തി

ഈരാറ്റുപേട്ട ടെലിഫോണ്‍ സര്‍ക്കിളിന് പരിധിയില്‍ വരുന്ന ഗ്രാമീണ മേഖലകളില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ക്ക് ബാറ്ററി ബാക്കപ് ഇല്ലാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നു. പലയിടങ്ങളിലുമുള്ള ടവറിനോട് ചേര്‍ന്ന് ജനറേറ്റര്‍ സ്ഥാപിച്ചിട്ടുങ്കിലും ഡീസല്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ബിഎസ്എന്‍എല്‍ മാത്രം ലഭ്യമായ ഇവിടങ്ങളില്‍ വൈദ്യുതി മുടക്കവും പതിവായതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍. 

പെരിങ്ങുളം, കുന്നോന്നി, പാതാമ്പുഴ അടക്കമുള്ള ഗ്രാമീണ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്നത്. വൈദ്യുതി നിലച്ചാല്‍ പരമാവധി പത്ത് മിനുട്ട് മാത്രാണ് ബാറ്ററിപവര്‍ ലഭിക്കുക. ജനറേറ്റര്‍ ഉണ്ടെങ്കിലും ഡീസല്‍ വാങ്ങാനുള്ള ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നെറ്റുവര്‍ക് കവറേജില്ലാത്ത അടിവാരം മേഖലയില്‍ സ്ഥാപിച്ച നെറ്റുവര്‍ക്ക് ബൂസ്റ്ററും ഇതോടെ പ്രയോജനരഹിതമാവുകയാണ്. കാറ്റു മഴയും പതിവായതോടെ ദിവസങ്ങളോളമാണ് വൈദ്യുതി തടസ്സപ്പെടുക. ഇതോടെ കാലങ്ങളായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കളായിരുന്നവര്‍ ബുദ്ധിമുട്ടിലാണ്. 

പെരിങ്ങുളം അടിവാരം മേഖലകളിലെ റേഷന്‍ കടകള്‍ക്കും ഇത് തിരിച്ചടിയാണ്. വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് സിഗ്നല്‍ പോകുന്നതോടെ ഇ പോസ് മെഷീനുകളും പ്രവര്‍ത്തിക്കാതാകും. സിഗന്ല്‍ നഷ്ടത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തെയും ബാധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.