Latest News
Loading...

അരുവിത്തുറ തിരുനാളിന് കൊടിയേറി

അരുവിത്തുറ: കോവിഡ് നിയന്ത്രണങ്ങളോടെ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് പള്ളിയുടെ മുറ്റത്ത് കുരിശിനു ചുറ്റിലുമായി നടത്തിയ സീറോമലേബാർ സഭയുടെ പുരാതന പാരമ്പര്യമനുസരിച്ചുള്ള പുറത്തുനമസ്കാരത്തിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. പ്രിൻസ് വ ള്ളാംപുരയിടത്തിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ബർസാർ ഫാ. ജോർജ്ജ് പുല്ലുകാലായിൽ എന്നിവർ സഹകാർമ്മികരായി.

23 ന് (വെള്ളി) രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആലോഷമായ സുറിയാനി കുർബാന അർപ്പിക്കും. വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. 24 ന് പ്രധാന തിരുനാൾ ദിനം. 10.30 ന് തിരുനാൾ റാസ, 12 ന് പകൽ പ്രദക്ഷിണം. ഏപ്രിൽ 25 ഇടവകക്കാരുടെ തിരുനാൾ. വൈകുന്നേരം 7 ന് തിരുസ്വരൂപ പുന: പ്രതിഷ്ഠ. തിരുനാൾ ദിവസങ്ങളായ
23 നും 24നും 25നും രാവിലെ മുതൽ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 5.30 നും 6.30നും 7.30 നും 8.30 നും വൈകുന്നേരം 4 നും വിശുദ്ധ കുർബാന, നൊവേന. മെയ് മൂന്നിന് തിരുന്നാൾ സമാപിക്കും.

പള്ളിയ്ക്കകത്ത് തിരുക്കർമ്മങ്ങളിൽ 75 പേർക്കും പള്ളി കോംപൗണ്ടിൽ ഒരു സമയം നൂറ്റമ്പത് പേർക്കും മാത്രമേ പ്രവേശനം നൽകൂ. സർക്കാർ നിർദേശിച്ചിട്ടുള്ളതത്ര ആളുകളെ മാത്രം പങ്കെടുപ്പിച്ചാവും പ്രദക്ഷിണം. ഭക്ഷണ പദാർഥങ്ങളും തിരി, എണ്ണ, നേർച്ച രൂപങ്ങൾ തുടങ്ങിയവ ഒന്നും പള്ളിയിൽ നേർച്ചയായി സ്വീകരിക്കുന്നതല്ല.

പ്രത്യേകമായി ഏർപ്പെടുത്തിയിരിക്കുന്ന ക്യൂവിലുടെ ആയിരിക്കും വല്ല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ സമർപ്പിക്കാനുമുള്ള സൗകര്യം. വിശ്വാസികൾ തിരുക്കർമ്മങ്ങളിലും മറ്റും പങ്കെടുത്ത ശേഷം കൂട്ടമായി നിൽക്കാതെ മടങ്ങി പോകണം.

ഭക്ത ജനങ്ങൾക്ക് ദൈവാലയത്തിൽ എത്തി വല്ല്യച്ചനെ വണങ്ങുന്നതിനുള്ള സൗകര്യം കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളതെന്ന്
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, കൈക്കാരന്മാരായ ബോസ് സെബാസ്റ്റ്യൻ പ്ലാത്തോട്ടം, ജയിംസ് ടി. വെള്ളൂക്കുന്നേൽ, അരുൺ ജോസ് താഴ്ത്തുപറമ്പിൽ, ജോർജി ജോസ് മണ്ഡപത്തിൽ എന്നിവർ പറഞ്ഞു.

Post a Comment

0 Comments