പൂഞ്ഞാറിൽ ടോമി കല്ലാനി മൽസരിക്കണമെന്ന് കോൺഗ്രസ്

പൂഞ്ഞാറില്‍ കോണ്‍ഗ്രസ്‌ നേതൃനിരയില്‍ നിന്നുള്ളവര്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തി മണ്ഡലം നേതൃത്വം. പി.സി ജോര്‍ജ്ജിനെയും എല്‍ഡിഎഫിനെയും നേരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ്‌ ആവശ്യമുയരുന്നത്‌. ഡിസിസി പ്രസിഡന്റായിരുന്ന ടോമി കല്ലാനി അനുയോജ്യനായ മല്‍സരാര്‍ത്ഥി ആയിരിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസിനാണ്‌ പൂഞ്ഞാറില്‍ കൂടുതല്‍ വിജയസാധ്യതയെന്ന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിപി അബ്ദുള്‍ ലത്തീഫ്‌ പറഞ്ഞു. മതവിദ്വേഷ സംസാരങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ പിസി ജോര്‍ജ്ജ്‌ അവമതിപ്പ്‌ നേടിയിരിക്കുകയാണ്‌. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ്‌ വന്നാല്‍ വിജയിക്കാനാകും. മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഒരുമിപ്പിക്കാനും ഉദ്ദീപിപ്പിക്കാനും കഴിഞ്ഞിട്ടുള്ള ടോമി കല്ലാനിയെയാണ്‌ ഇവിടെ പോരാട്ടത്തിന്‌ പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്‍ ലത്തീഫ്‌ വ്യക്തമാക്കി.വികസനരംഗത്ത്‌ പിസി ജോര്‍ജ്ജ്‌ വലിയ പരാജയമായിരുന്നുവെന്ന്‌ മുസ്ലീം ലീഗ്‌ മേഖല പ്രസിഡന്റ്‌ എംപി സലിം പറഞ്ഞു. മല്‍സരത്തിന്‌ ആര്‌ വരണമെന്നത്‌ യുഡിഎഫ്‌ തീരുമാനിക്കുമ്പോള്‍ ശക്തനായ നേതാവ്‌ തന്നെ വരണം. ജനപ്രിയനായ നേതാവിന്‌ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്നും സലിം പറഞ്ഞു.