പരിസ്ഥിതി ആഘാതപഠനത്തിനു ശേഷം മാത്രമേ മീനച്ചിലാറ്റിൽ നിന്ന് ചെളിയും മണലും മാറ്റുന്നതിനുള്ള തീരുമാനമെടുക്കാൻ പാടുള്ളു എന്ന് കേരളാ നദീസംരക്ഷണസമിതിയും മീനച്ചിൽ നദീസംരക്ഷണസമിതിയും ചേർന്ന് പാലായിൽ സംഘടിപ്പിച്ച സംസ്ഥാനതല ചർച്ചയിൽ ആവശ്യമുയർന്നു. പ്രളയത്തിന് പരിഹാരം കാണാൻ വിവേകപൂർവ്വകമായ നടപടികൾ വേണം.
പുഴയിലേത് സ്വാഭാവികമായും ഉപ്പില്ലാത്ത വെള്ളമാണ്. ആരോഗ്യമുള്ള ഒരു പുഴയിൽ ഉപ്പില്ലാത്ത വെള്ളത്തിന്റെ നില ഉപ്പുവെള്ളത്തേക്കാൾ ഉയർന്നാവണം. കായലിലെയും കടലിലെയും ഉപ്പുവെള്ളത്തേക്കാൾ ഉയർന്ന് പുഴയിൽ മണലുണ്ടെങ്കിലേ ഇതു സാധ്യമാകൂ. അരനൂറ്റാണ്ടുമുമ്പ് അങ്ങനെയായിരുന്നു.
ഇന്ന് ഉപ്പുവെള്ളത്തിന്റെ നിരപ്പിലും വളരെ താഴ്ന്നാണ് കേരളത്തിലെ പുഴകളുടെ അടിത്തട്ട്. 30 കിലോമീറ്ററൊക്കെ കരയിലേക്ക് പുഴ ഇത്രയധികം താഴ്ന്നിരിക്കെ വീണ്ടും കുഴിക്കുക എന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും യോഗം വിലയിരുത്തി.
കേരളാ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണിമലയാർ സംരക്ഷണസമിതി പ്രസിഡന്റ് വി.എൻ.ഗോപിനാഥപിള്ള ഉത്ഘാടനം ചെയ്തു. മീനച്ചിൽ നദീസംരക്ഷണസമിതി വർക്കിംഗ് ഗ്രൂപ്പംഗവും മുൻ മുനിസിപ്പൽ കമ്മീഷണറുമായ രവി പാലാ വിഷയാവതരണം നടത്തി. എബി ഇമ്മാനുവൽ, റോയി പ്ലാത്തോട്ടം, ജെയിംസ് സെബാസ്റ്റ്യൻ, ഫ്രാൻസിസ് കൂറ്റനാൽ, മനോജ് മാത്യു, ജോസാന്റണി എന്നിവർ പ്രസംഗിച്ചു.
0 Comments