രാത്രി വൈകിയെത്തിയ കനത്ത മഴയില്‍ വീടിന് സമീപം നിന്ന മരം കടപുഴകി വീണ് വീട് തകര്‍ന്നു. പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ഹരിജന്‍ കോളനിയില്‍ കാട്ടിപറമ്പില്‍ സതീശന്റെ വീടാണ് തകര്‍ന്നത്.
രാത്രി 8 മണിയോടെയാണ് മേഖലയില്‍ ശക്തമായ മഴ ലഭിച്ചത്. മഴയില്‍ വീടിന് പിന്നിലുണ്ടായിരുന്ന പന, വീടിന് മുകളിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. വീടിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടുകയും ഭിത്തി വിണ്ട് അപകടാവസ്ഥയിലാവുകയും ചെയ്തു.
ഭാര്യയും മകളും ഭിന്നശേഷിക്കാരിയായ മറ്റൊരു മകളുമാണ് സതീശനൊപ്പം താമസിക്കുന്നത്. ഒരു മുറി തകര്‍ന്നതോടെ മറ്റൊരു മുറിയിലാണ് എല്ലാവരും കഴിയുന്നത്. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും ഉള്‍പ്പെടുത്തിയിട്ടില്ല. തകര്‍ന്ന വീട് പൊതുപ്രവര്‍ത്തകരായ ടിഎസ് സ്‌നേഹാധനന്‍, ലെല്‍സ് വയലിക്കുന്നേല്‍, ബിജു , റെജി എന്നിവര്‍ സന്ദര്‍ശിച്ചു.
0 Comments