ശിഖരങ്ങള്‍ മുറിച്ച് നീക്കപെട്ട തിടനാട് ടൗണിലെ വാകമരത്തിന് വ്യക്ഷയുര്വേദ ചികില്‍സ നല്കി. പ്രകൃതി സ്നേഹികളുടെ നേതൃത്വത്തിലായിരുന്നു ചികില്‍സ. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നുവെന്ന് കാട്ടിയാണ് മരത്തിന്റെ ശിഖരങ്ങളെല്ലാം മുറിച്ച് നീക്കിയത്.
കോട്ടയം നേച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷചികിത്സകന്‍ കെ. ബിനുവാണ് ചികിത്സ നല്‍കിയത്. മീനച്ചില്‍ നദീ സംരക്ഷണ സമിതി, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, തിടനാട് പരിസ്ഥിതി കര്‍ഷക കൂട്ടായ്മ എന്നീ സംഘടനകള്‍ പൂര്‍ണ പിന്തുണയുമായി ഇവരോടൊപ്പമുണ്ട്. ഞായാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചികിത്സ മണിക്കൂറുകളോളം നീണ്ടു.
കണ്ടത്തിലെ മണ്ണ്, ചിതല്പുറ്റ്, നലമണ്ണ് എന്നിവയ്ക്കൊപ്പം നാടന്‍ പശുവിന്റെ പാല്, ചാണകം, നെയ്യ്, കറുത്ത് എള്ള്. ചെറുതേന്‍, കദളിപ്പഴം എന്നിവയാണ് മരുന്നുകളിലുള്ളത്. ഒപ്പം പരിലേപനവും ചേര്‍ത്ത് ഇവയെല്ലാം കുഴച്ച് മരത്തില്‍ ഒരാള്‍പൊക്കത്തില്‍ തേച്ചുപിടിപ്പിച്ച് തുണിപൊതിഞ്ഞാണ് മരത്തിന് ചികിത്സ നല്‍കിയത്.
തലമുറയ്ക്കു തണലേകിയ മരത്തിന്റെ ശിഖരങ്ങള്‍ വികസനത്തിന്റെ പേരില്‍ കഴിഞ്ഞമാസമാണു വെട്ടി മാറ്റിയത്. ചില ശിഖിരങ്ങള്‍ക്ക് ഉണക്ക് ബാധിച്ചെന്നും അത് അപകടകരമാണെന്നുമുള്ള കാരണം പറഞ്ഞാണ് ശിഖിരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയത്. ശിഖരങ്ങള്‍ മുറിച്ച മരം ചികിത്സയ്ക്ക് ശേഷം തളിര്‍ത്ത് ഇനിയും തണല്‍ വിരിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സംഘടനകള്‍.
ചികിത്സക്ക് ആവശ്യമായ തുക വിവിധയിടങ്ങളില്‍ സമാഹരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആറുമാസത്തിനകം മരം വീണ്ടും തണല്‍ വിരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തിടനാട് നിവാസികള്‍. തിടനാടിന്റെ മുഖമുദ്രയായിരുന്ന ഈ മരത്തിന്റെ ശിഖിരങ്ങള്‍ അറ്റതോടെ ഈ വര്‍ഷകാലത്ത് പോലും പ്രദേശത്ത് അതിയായ ചൂട് അനുഭവപ്പെടുന്നുണ്ട്.
മുമ്പും ഈ മരം വെട്ടിമാറ്റുവാന്‍ ശ്രമം ഉണ്ടായിരുന്നു. ആ ശ്രമമെല്ലാം തടഞ്ഞ തിടനാട്ടുകാര്ക്ക് ഈ മരം വീണ്ടും തളിര്ക്കുമെന്നും തണല്‍ വിരിക്കുമെന്നുള്ള പൂര്‍ണ പ്രതീക്ഷയുണ്ട്. സുനില്‍ വാഴൂര്‍, ഗോപകുമാര്‍ കങ്ങഴ, വിജയകുമാര്‍ ഇത്തിത്താനം,
രാജേഷ് കടമഞ്ചിറ, എബി ഇമ്മാനുവല്‍, എസ് രാമചന്ദ്രന്, സിപിഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടരി ടി സുഭാഷ് തുടങ്ങിയവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്കി.




