Latest News
Loading...

പരിശോധിച്ചിട്ടും നടപടിയില്ല; ഇന്ന് പാലായില്‍ പിടികൂടിയത് 118 കിലോ പഴകിയ മല്‍സ്യം


പാലാ നഗരത്തില്‍ നിന്ന് വീണ്ടും ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടികൂടി. ഫുഡ് സേഫ്റ്റി ഡിപാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ മല്‍സ്യം കണ്ടെത്തിയത്. വിവിധ കടകളില്‍ നടന്ന പരിശോധനയില്‍ 118 കിലോ മീന്‍ പിടികൂടി. പാലാ പടവന്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മുനമ്പം ഫിഷറീസില്‍ നിന്നും സമീപത്തെ ഒരു കടയില്‍ നിന്നുമാണ് പഴകിയ മല്‍സ്യം പിടികൂടിയത്.



ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, റവന്യൂ ,ഫിഷറീസ്, ലീഗല്‍ മെടോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മല്‍സ്യം കണ്ടത്തിയത്. പാലാ ടൗണ്‍, മുണ്ട്പാലം മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 118 കിലോ മല്‍സ്യമാണ് പിടിച്ചെടുത്തത്. അയല, ചൂര, കേര തുടങ്ങിയ മല്‍സ്യങ്ങളാണ് പിടിച്ചെടുത്തവയില്‍ അധികവും.


മാസങ്ങള്‍ക്കു മുന്‍പ് വാങ്ങി സൂക്ഷിച്ച മത്സ്യമാണിതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൃത്യമായ ബില്ലുകള്‍  പരിശോധകര്‍ക്ക് മുമ്പില്‍ ഹാജരാക്കാന്‍ കടയുടമകള്‍ക്ക്  കഴിഞ്ഞില്ല. മല്‍സ്യത്തിന്റെ മുള്ളും ഇറച്ചിയം കാലപ്പഴക്കത്തിന്‍ വേര്‍പെട്ട നിലയിലായിരുന്നു. മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്നതായും പരിശോധയില്‍ വ്യക്തമായി.


ഇന്നലെ വേളാങ്കണ്ണിയില്‍ നിന്നും വിവിധ കടകളില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന മല്‍സ്യം പാലാ കൊട്ടാരമറ്റത്ത് നിന്നും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കാനാണ് അദികൃതരുടെ തീരുമാനം. ഫുഡ് സേഫ്റ്റി ഓഫീസര്‍ യമുനാ കുര്യന്‍, ഫിഷറീസ് എഇഒ ബ്ലെസ്സി ജോഷി, മിനച്ചിന്‍ തഹസില്‍ദാര്‍, അഷറഫ്,  ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ മഞ്ജിത്ത്, തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ഷിന്റോ, ബെറ്റി ജോസ് തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.