Latest News
Loading...

വിമാനം കയറിയെത്തുന്ന കരിങ്കോഴിയും തീവണ്ടിയിലെത്തുന്ന താറാവും


ഗുണമേന്‍മയേറിയ കരിങ്കോഴി വിപണനത്തിലൂടെ സംസ്ഥാനത്തെമ്പാടും ശ്രദ്ധേയനായി മാറുകയാണ് പാലാ കുറിച്ചിത്താനം സ്വദേശി എസ് പ്രദീപ്കുമാര്‍. അലങ്കാരകോഴികളും ടര്‍ക്കി കോഴികളും അടക്കം പൗള്‍ട്രിരംഗത്ത് 20 വര്‍ഷം പിന്നിട്ട പ്രദീപ് കുമാറിനെ തേടി 2018ലെ മൃഗസംരണവകുപ്പിന്റെ മി്കച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാര്‍ഡുമെത്തി.


പാലായില്‍ കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്ന പ്രദീപിന്റെ പുതയ ബിസിനസ് തുടങ്ങാനുള്ള ആലോചനയാണ് തലവരമാറ്റിയത്. കരിങ്കോഴികളുടെ വിപണനസാധ്യത മനസിലാക്കിയ പ്രദീപ് മികച്ചയിനം കരിങ്കോഴികളെ മധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്.


കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി വിമാനമാര്‍ഗമെത്തിച്ച കരിങ്കോഴികളുടെ മുട്ട ഉപയോഗിച്ചാണ് കൂടുതല്‍ കുഞ്ഞുങ്ങളെ തയാറാക്കിയത്. സംസ്ഥാനത്ത് കരിങ്കോഴി എന്ന പേരില്‍ പലരും കറുത്തകോഴികളെയാണ് വില്‍ക്കുന്നതെന്നും പ്രദീപ് പറയുന്നു.


തൂവലും ഇറച്ചിയും എല്ലും വരെ കറുത്തതാണ് കരിങ്കോഴികളെന്ന് പ്രദീപ് പറയുന്നു. വിവിധയിനം അലങ്കാരക്കോഴികള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാടന്‍ കോഴികള്‍ എന്നിവയുടെ ശേഖരവും പ്രദീപിനുണ്ട്.


വീടിന് സമീപത്തെ 20 സെന്റ് സ്ഥലത്തിനൊപ്പം ഭാര്യാവീടിനോട് ചേര്‍ന്നുള്ള രണ്ടേക്കറോളം സ്ഥലും പ്രയോജനപ്പെടുത്തിയാണ് കൃഷി. ആട്, പശു, തേനീച്ച, താറാവ്, ടര്‍ക്കി, മീന്‍ തുടങ്ങി എല്ലാ മേഖലയിലും പ്രദീപ് കൈവച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡ് കൂടി ഏറ്റുവാങ്ങിയതോടെ സംസ്ഥാനത്തെമ്പാടുനിന്നും കരിങ്കോഴി ലഭ്യത തേടിയുള്ള ഫോണ്‍കോളുകള്‍ക്ക് മറുപടി പറയുന്ന തിരക്കിലാണ് പ്രദീപ് ഇപ്പോള്‍.