Latest News
Loading...

ഈരാറ്റുപേട്ട വൈസ് ചെയര്‍പേഴ്‌സണെതിരെ അവിശ്വാസ വോട്ടെടുപ്പ് നാളെ


ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ബല്‍ക്കീസ് നവാസിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ ചര്‍ച്ച ചെയ്യും. രാവിലെ 11ന് നഗരസഭാ ഹാളിലാണ് യോഗം. 28 അംഗ നഗരസഭയില്‍ ഇടത് അംഗങ്ങളുടെ നിലപാട് വോട്ടെടുപ്പില്‍ നിര്‍ണായകമാവും.

അഞ്ചോളം അവിശ്വാസ പ്രമേയ അവതരണങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഈരാറ്റുപേട്ട നഗരസഭയിലുണ്ടായത്. മൂന്നാമത്തെ ചെയര്‍മാനാണ് ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത്. നിലവിലെ ചെയര്‍മാനെ തെരഞ്ഞെടുക്കാനായി നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് വൈസ് ചെയര്‍പേഴ്‌സണെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. യുഡിഎഫില്‍ ലീഗിന് എട്ടും കോണ്‍ഗ്രസിനു മൂന്നും അംഗങ്ങളാണുള്ളത്.

സെക്കുലര്‍ പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിച്ച ബല്‍ക്കീസ്, മറുപക്ഷത്തേയ്ക്ക് പോയതിന്റെ പകരം വീട്ടാന്‍ ഇടതിന് ലഭിക്കുന്ന അവസരമാണ് ഈ അവിശ്വാസവോട്ടെടുപ്പ്. ആ അവസരം ഇടതുപക്ഷം ഉപയോഗപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് യുഡിഎഫിന്റെ അവിശ്വാസനീക്കം. അതേസമയം, അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിന് പകരമായി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് സിപിഎം അവകാശവാദമുന്നയിക്കാനും സാധ്യതയുണ്ട്.