തോട്ടം - പുരയിടം പ്രതിസന്ധി ശ്വാശ്വതമായി പരിഹരിക്കാൻ 29-ന് പാലായിൽ അദാലത്ത് നടത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. രാവിലെ 9 മുതൽ പാലാ കത്തീഡ്രൽപള്ളി പാരീഷ് ഹാളിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി കഴിഞ്ഞ നവംബർ 18 വരെ താലൂക്ക് - വില്ലേജ് ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചിരുന്നു.
വർഷങ്ങളായി ആയിരക്കണക്കിനു സാധാരണക്കാരെ നേരിട്ടു ബാധിച്ചിരുന്ന പ്രശ്നമായിരുന്നു തോട്ടം - പുരയിടം പ്രതിസന്ധി. നാളുകളായി ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ കഷ്ടപ്പെടുകയായിരുന്നു. മാണി സി കാപ്പനു ഇതു സംബന്ധിച്ച് നിരവധി കർഷകർ തെരഞ്ഞെടുപ്പ് കാലത്ത് പരാതി നൽകിയിരുന്നു. എം എൽ എ ആയ ശേഷം മാണി സി കാപ്പൻ ആദ്യം ചെയ്ത നടപടികളിൽ ഒന്നായിരുന്നു ഈ പ്രശ്നം. വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. തുടർന്നു മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുമായി ചർച്ച നടത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്.
ഇത് പ്രകാരം റീ സർവ്വേ നടപടികളെത്തുടർന്ന് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ പുരയിടങ്ങളെ പുരയിടമായി പുന:ക്രമീകരിക്കും. പുരയിടമായി മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കേറ്റ് ഉടമകൾക്കു അദാലത്തിൽ വച്ച് നൽകും. ഇത് ബാങ്കിംഗ് ഉൾപ്പെടെ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കും. തുടർന്നു നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തി ബി ടി ആറിൽ ഉൾപ്പെടുത്തും. മിച്ചഭൂമി നിയമപ്രകാരം തോട്ടം മുറിച്ച് വാങ്ങിച്ചവരുടെ പ്രശ്നം പിന്നീട് വിശദമായി പരിശോധിച്ച് പരിഗണിക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു
ഇതിനോടകം 3500-ൽ പരം അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഇനിയും അപേക്ഷ നൽകാത്തവർ 28-ന് വൈകിട്ടു അഞ്ചിനു മുമ്പ് താലൂക്ക് ഓഫീസിൽ അപേക്ഷകൾ നൽകിയാൽ അദാലത്തിൽ പരിഗണിക്കും. അപേക്ഷയോടൊപ്പം കരമടച്ച രസീതിന്റെ പകർപ്പ്, ആധാരത്തിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. എന്നാൽ ബോണ്ട് വയ്ക്കേണ്ടതില്ലെന്നും എം എൽ എ അറിയിച്ചു.
അദാലത്തിൽ എം എൽ എമാരായ മാണി സി കാപ്പൻ, പി സി ജോർജ്, മോൻസ് ജോസഫ്, എൻ ജയരാജ്, ജില്ലാ കളക്ടർ പി കെ സുധീർബാബു, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.