Latest News
Loading...

പാലായില്‍ ഇന്ന് കര്‍ഷകമഹാസംഗമം; നഗരത്തില്‍ ഗതാഗത ക്രമീകരണം



കാര്‍ഷികരംഗം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷക മഹാസംഗമം ഇന്ന് 2ന് പാലായില്‍ നടക്കും. രൂപതയിലെ 170 ഇടവക പള്ളികളുടെ നേതൃത്വത്തില്‍ എല്ലാ വീടുകളും കയറിയിറങ്ങി നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഭീമഹര്‍ജിയാണു മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്നതിനായി തയാറാക്കിയിരിക്കുന്നത്. 

റബറിന് 250 രൂപ നീതിവില ഉറപ്പുവരുത്തുക, തോട്ടം-പുരയിടം പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുക, കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ ലഭ്യമാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് വായ്പകളും സബ്‌സിഡികളും പുനഃസ്ഥാപിക്കുക, വന്യമൃഗ ഭീഷണിയില്‍നിന്ന് കര്‍ഷകജീവനും, കൃഷിഭൂമിക്കും സംരക്ഷണം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുനേരെ പൊതുജനശ്രദ്ധയുയര്‍ത്താനും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ലക്ഷ്യംവച്ചുമാണ് പാലാ രൂപത കര്‍ഷകമതിലും റാലിയും കര്‍ഷകമഹാസമ്മേളനവും ഇന്ന് പാലായില്‍ സംഘടിപ്പിക്കുന്നത്.

പരിപാടി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറുവരെയാണ് പാലാ നഗരത്തില്‍ ഗതാഗത നിയന്ത്രണം.  

ഇതനുസരിച്ച് കോട്ടയം ഭാഗത്തുനിന്നും വൈക്കം, രാമപുരം, പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് പോകേണ്ട ബസ്സുകള്‍ കൊട്ടാരമറ്റം , ആര്‍.വി. ജംങ്ഷന്‍ വഴി പാലാ ബൈപ്പാസിലൂടെപോകണം.ചെറിയ വാഹനങ്ങള്‍ പുലിയന്നൂര്‍ ജംങ്ഷനില്‍ നിന്നും തിരിഞ്ഞ് പാലാ ബൈപ്പാസ് വഴി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തി രാമപുരത്തിനും കിഴതടിയൂര്‍ ജംങ്ഷന്‍ വഴി തൊടുപുഴയ്ക്കും ഈരാറ്റുപേട്ടയ്ക്കും പോകണം.

പൊന്‍കുന്നം ഭാഗത്തേയ്ക്കു് പോകേണ്ട വാഹനങ്ങള്‍ മെയിന്‍ റോഡിലൂടെ താലൂക്ക് ആശുപത്രി ജംങ്ഷനിലെത്തി  പാലം കടന്ന് പോകണം. പൊന്‍കുന്നം ഭാഗത്തുനിന്നും കോട്ടയം, വൈക്കം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ 12ാം മൈലില്‍ നിന്നും തിരിഞ്ഞ് കടപ്പാട്ടൂര്‍ ബൈപ്പാസ് വഴി കൊട്ടാരമറ്റം എത്തി പോകണം. 

പാലാ, രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ താലൂക്ക് ആശുപത്രി ജംങ്ഷനില്‍ നിന്നും ലിങ്ക് റോഡിലൂടെ ബൈപ്പാസിലെത്തി പോകണം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍,  മഹാറാണി ജംങ്ഷനില്‍ നിന്ന് തിരിഞ്ഞ് കിഴതടിയൂര്‍ ജംങ്ഷന്‍ വഴി സിവില്‍ സ്റ്റേഷന്‍ ജംങ്ഷനിലെത്തി പോകണം  . 

തൊടുപുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മഹാറാണി ജംങ്ഷനില്‍ നിന്ന് തിരിഞ്ഞ കിഴതടിയൂര്‍ ജംങ്ഷന്‍ വഴി പോകണം. പൊന്‍കുന്നം, കോട്ടയം, വൈക്കം, ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍  സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെ പോകണം. തൊടുപുഴ ഭാഗത്തുനിന്നും രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ ജംങ്ഷനിലെത്തി പോകണം .      

പൊന്‍കുന്നം, ഈരാട്ടുപേട്ട, കോട്ടയം, വൈക്കം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കിഴതടിയൂര്‍ ജംങ്ഷന്‍, മഹാറാണി ജംങ്ഷന്‍, സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെ  പോകണം.

രാമപുരം ഭാഗത്തുനിന്നും തൊടുപുഴ ,ഈരാറ്റുപേട്ട, പൊന്‍കുന്നം, കോട്ടയം, മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ ജംങ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ബൈപ്പാസിലൂടെ കിഴതടിയൂര്‍ ജംങ്ഷനിലെത്തി അതാത് ഭാഗങ്ങളലേയ്ക്ക് പോകണം .വൈക്കം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആര്‍. വി ജംങ്ഷനില്‍ നിന്നും വലത്ത് തിരിഞ്ഞ് ബൈപ്പാസ് വഴി പോകണം  .
   
രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആര്‍. വി. ജംങ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് പാലാ ബൈപ്പാസ് വഴി കിഴതടിയൂര്‍ ജംങ്ഷനിലെത്തി മഹാറാണി ജംങ്ഷന്‍, സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെയും പോകണം. പാലാ ബൈപ്പാസില്‍ മരിയന്‍ ജംങ്ഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ ജംങ്ഷന്‍ വരെയുളള ഭാഗത്ത് വടക്ക് വശത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം