കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും മത്സരിക്കുമെന്ന് ഉറപ്പായതോടെ വിഐപി മണ്ഡലമായി മാറിയ കാഞ്ഞിരപ്പള്ളിയിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ.
പ്രാദേശിക നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള ചർച്ചകളും ജയസാധ്യതയറിയാൻ സ്വകാര്യ ഏജൻസിയുടെ സർവേയും മണ്ഡലത്തിൽ സജീവമായി.
പ്രാദേശിക നേതാക്കൾ മതിയോ അതോ സംസ്ഥാന നേതാക്കളെ കൊണ്ടുവരണമോ എന്നതാണ് പ്രധാന ചർച്ച.
പ്രാദേശിക നേതാക്കളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച ജോസഫ് വാഴക്കനും പൂഞ്ഞാറിൽ മത്സരിച്ച ടോമി കല്ലാനിയും പരിഗണിക്കപ്പെടുന്നുണ്ട് .
കെ മുരളീധരനെ മണ്ഡലത്തിലേക്ക് കൊണ്ടുവരണമെന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ തീരുമാനിച്ച മുരളീധരൻ അവിടെ മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. കെ എസ് യു വിലെ തീപ്പൊരി നേതാവ് ആൻ അഗസ്റ്റിന്റെ പേരും പരിഗണനയിൽ ഉണ്ടെങ്കിലും മറു പക്ഷത്ത് കരുത്തർ റംഗത്തിറങ്ങിയതോടെ ആ നീക്കം വിജയിക്കില്ലെന്നാണ് വിലയിരുത്തൽ.
ഇതോടെ ഹൈക്കമാൻഡ് കാഞ്ഞിരപ്പള്ളിക്കായി മുന്നോട്ടു വച്ച എ ഐ സി സി സെക്രട്ടറി മാത്യു ആന്റണിയും പരിഗണന പട്ടികയിൽ മുന്നിലെത്തി .
പ്രാദേശിക നേതാക്കൾക്ക് സാമുദായിക പരിഗണനകൾ എതിരാകുമ്പോൾ അത് മാത്യു ആന്റണിക്ക് സാധ്യതയേറ്റുകയാണ്. ഇടക്കാലത്ത് മുംബൈയിലേക്ക് തട്ടകം മാറ്റിയെങ്കിലും മാത്യു ആന്റണിക്ക് മണ്ഡലത്തിലുടനീളമുള്ള കുടുംബ ബന്ധങ്ങൾ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.
ശശി തരൂരിനൊപ്പം പ്രൊഫഷണൽ കോൺഗ്രസിൽ സജിവമായ മാത്യു ആന്റണി അദേഹവുമായി അടുത്ത ബന്ധമുളള നേതാവാണ്. കോൺഗ്രസിന്റെ പ്രധാന പോഷക സംഘടനയായി പ്രൊഫഷണൽ കോൺഗ്രസിനെ മാറ്റിയതിൽ തരൂരിനൊപ്പം മാനേജ്മെന്റ് വിദഗ്ധൻ കൂടിയായ മാത്യു ആന്റണിയും മുൻപന്തിയിലുണ്ടായിരുന്നു.
നോർത്ത് ഈസ്റ്റ് മേഖലയിൽ പാർട്ടിയെ പഴയ ശക്തിയിലേക്ക് കൊണ്ടുവരാൻ അന്യ നാടുകളിൽ പോയി മലകൾ താണ്ടി വീട് വീടാന്തരം കയറിയിറങ്ങി മാത്യു ആന്റണി നടത്തിയ നീക്കങ്ങൾ ഹൈക്കമാൻഡിനും താൽപര്യമുള്ളതായിരുന്നു.
മഹാരാഷ്ട്രയിലും നോർത്ത് ഈസ്റ്റിലും ഗ്രാമ പ്രദേശങ്ങളിൽ കേരള മോഡലിൽ നടന്നും ഗ്രാമവാസികളെ നേരിൽ കണ്ടും പാർട്ടി വളർത്താൻ മാത്യു ആന്റണിക്ക് കഴിഞ്ഞത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു.
അതിനാൽ തന്നെ മണ്ഡലത്തിൽ പ്രാദേശികമായി അടിത്തറയുള്ള മാത്യു ആന്റണി കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ദേശീയ നേതൃത്വത്തിനും ഉണ്ട്.
കാടിളക്കി കളം കൈയ്യിലെടുക്കാൻ മിടുക്കനായ മാത്യുവിനെ രംഗത്തിറക്കിയാൽ മണ്ഡലത്തിൽ കരുത്തുറ്റ മത്സരം കാഴ്ചവക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments