Latest News
Loading...

എംഎൽഎ ഓഫീസിലേക്കുള്ള ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് ഇലക്ഷൻ സ്റ്റണ്ട്. UDF



 മാണി സി കാപ്പന്റെ വാക്കുകൾ വളച്ചൊടിച്ച് ഇടതുപക്ഷ യുവജന സംഘടനകൾ തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് നടത്തുന്ന എംഎൽഎ ഓഫീസ് മാർച്ച് അപഹാസ്യമാണെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. റേഡിയോളജി സെൻറർ സ്ഥാപിക്കുന്നതിനെയോ, റേഡിയോളജി സെൻറർ വന്നാൽ ക്യാൻസർ രോഗം പടരുമെന്ന് എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ റേഡിയോളജി സെന്ററിനായി നിർമ്മിക്കുന്ന കെട്ടിടത്തിലെ ലീനിയർ ആക്സിലറേറ്റർ ബങ്കർ നിർമ്മാണം ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പ്ലാൻ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടതാണ് എംഎൽഎ ചൂണ്ടിക്കാട്ടിയത്. അതുപോലെതന്നെ ഏറെ തിരക്കുള്ള ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിനേക്കാൾ ഇതിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടിയത് രോഗികളുടെ സൗകര്യാർത്ഥവുമാണ്. എന്നാൽ ഇക്കാര്യങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുവാൻ എംഎൽഎ മാണി സി കാപ്പന്റെ ഓഫീസിലേക്ക് നടത്തുന്ന ഡിവൈഎഫ്ഐ മാർച്ച് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്നും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.




മതിയായ പഠനങ്ങൾ നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് മൂലം പൊതുജനാവിന് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായതിനുള്ള നിരവധി ഉദാഹരണങ്ങൾ പാലായിൽ ഉണ്ട് എന്നത് ഓർക്കണം എന്നും ആ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പരാമർശം എന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധി ഇടതു യുവജന സംഘടനകൾ കാണിക്കണമെന്നും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അപ്രോച്ച് റോഡ് ഇല്ലാത്ത കളരിയമാക്കൽ പാലം നിർമ്മാണവും, പാർക്കിംഗ് സൗകര്യമില്ലാതെ ലണ്ടൻ ബ്രിഡ്ജ് ഓഡിറ്റോറിയം നിർമാണവും ലാൻഡ് അക്യുസിഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ മുടങ്ങിക്കിടക്കുന്ന റിവർവ്യൂ പാലവും ഇതിനുള്ള ഉദാഹരണങ്ങളാണ്. നികുതിപ്പണം ഇത്തരത്തിൽ കാര്യക്ഷമതയില്ലാതെ ചെലവഴിക്കുന്നത് ചൂണ്ടിക്കാട്ടുമ്പോൾ അത് വിഡ്ഢിത്തരം ആണെന്ന് പറയുന്നത് രാഷ്ട്രീയ പാപ്പരത്വം ആണെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.



 1965 മുതൽ 2019ൽ മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്നത് വരെ പാലാ നിയോജകമണ്ഡലത്തിൽ ഒരു എംഎൽഎ ഓഫീസ് പോലും ഉണ്ടായിരുന്നില്ല എന്ന വസ്തുതയും ഇവിടെ പരാമർശിക്കേണ്ടതാണ്. ജനങ്ങൾക്ക് ജനപ്രതിനിധിയുടെ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ചിലരുടെ വീട്ടിൽ ചെന്ന് കാത്തു കിടക്കണം എന്ന ജനാധിപത്യവിരുദ്ധതയ്ക്ക് പാലായിൽ അവസാനം കണ്ടതിന്റെ പ്രതീകമാണ് ഈ എംഎൽഎ ഓഫീസ്. ഇത്തരത്തിൽ ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിച്ചവർ തന്നെയാണ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി എംഎൽഎയെ അപകീർത്തിപ്പെടുത്തുവാനും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ സൗകര്യത്തെ സമരവേദി ആക്കുവാനും ശ്രമിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണെന്നും ജനം മനസ്സിലാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾക്ക് ഇരയാക്കപ്പെടുന്ന എംഎൽഎയ്ക്ക് വേണ്ടി ജനകീയ പ്രതിരോധം തീർക്കുമെന്നും യുഡിഎഫ് യോഗം അറിയിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ. ബിജു പുന്നത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ എൻ സുരേഷ്, മോളി പീറ്റർ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ, കെഡിപി നിയോജകമണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ മുളങ്കുന്നം എന്നിവർ പ്രസംഗിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments