തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ പുറത്തു വരും മുൻപ് തന്നെ പോസ്റ്റർ പ്രചരണം ആരംഭിച്ചു. സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് പോലും പൂർത്തിയാകും മുൻപാണ് തീക്കോയി പഞ്ചായത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തീക്കോയി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒറ്റയീട്ടിയിലാണ് കോൺഗ്രസ് വാർഡ് പ്രസിഡൻറ് ആയ കെ യു ജോൺ കടപ്ലാക്കൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
പ്രദേശത്ത് നേതാവ് എന്ന പേരിൽ അറിയപ്പെടുന്ന കെ യു ജോൺ 50 വർഷത്തിലധികമായി കോൺഗ്രസ് പ്രവർത്തകനാണ്. നിലവിൽ വാർഡ് പ്രസിഡന്റുമാണ്. എന്നാൽ ഈ പദവിക്ക് മുകളിലേക്ക് ഇത്രയും കാലത്തിനിടയ്ക്ക് പോകാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു തവണയും വാർഡ് വനിതാ സംവരണം ആയിരുന്നു. അതിനാൽ ഇത്തവണ ജനറൽ വാർഡ് ആകും എന്ന ഉറപ്പിലാണ് മത്സരിക്കാനുള്ള തീരുമാനവുമായി കെ യു ജോൺ പോസ്റ്റർ പതിച്ചത്.
.ഇത്തവണ എന്തായാലും മത്സരിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ഇദ്ദേഹം. എന്ത് വന്നാലും തനിക്കാണ് സ്ഥാനാർത്ഥിത്വത്തിന് അർഹതയെന്ന് ജോൺ പറയുന്നു. പാർട്ടി തനിക്ക് സീറ്റ് തരുമെന്നാണ് ഉറച്ച പ്രതീക്ഷയെങ്കിലും മറ്റൊരാൾക്ക് സീറ്റ് നൽകിയാൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവും നേതാവിനുണ്ട്.
മുൻകാലങ്ങളിൽ കോൺഗ്രസിനായി സീറ്റ് നിശ്ചയിച്ച ശേഷം അവസാന നിമിഷം മറ്റു ഘടകകക്ഷികൾക്ക് മാറ്റി നൽകിയിരുന്നു. കോൺഗ്രസിന്റെ അടിയുറച്ച പ്രവർത്തകനായ താൻ ഓരോ ഇലക്ഷൻ കാലത്തും അഞ്ചു തവണയെങ്കിലും വീടുകൾ കയറിയിറങ്ങാറുണ്ടെന്ന് പറയുന്നു. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന തനിക്ക് ഇത്തവണ പഞ്ചായത്ത് അംഗമാകാനുള്ള അർഹത ഉണ്ടെന്നാണ് KU ജോൺ അവകാശപ്പെടുന്നത്.
തനിക്ക് മുകളിൽ മറ്റൊരാളെ നിശ്ചയിക്കാതിരിക്കാൻ ആണ് നേരത്തെ പോസ്റ്റർ പതിച്ചതെന്നും ഇദ്ദേഹം പറയുന്നു. വാട്സാപ്പിൽ, തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്ന് ഇദ്ദേഹം പ്രൊഫൈൽ പിക്ചറും ഇട്ടിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments