പാലാ: പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരെ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍.
കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29-ല്‍ നിന്നും ആയിരത്തിലധികമായി. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നൂറുകണക്കിനായി. കള്ളുഷാപ്പുകള്‍ ആയിരക്കണക്കിനുണ്ട് ഇപ്പോള്‍. പ്രകടനപത്രികക്ക് കടകവിരുദ്ധമായ നയമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
മനുഷ്യ ജീവന് വിലകല്പിക്കുന്ന മുഴുവന്‍ സംഘടനകളും സമുദായങ്ങളും ഈ ജനവിരുദ്ധ മദ്യനയങ്ങളെ എതിര്‍ക്കുകയാണ്. ''ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'' എന്ന ചിന്ത ഭരണവര്‍ഗ്ഗം വെടിയണം.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍, ജോസ് ജോസഫ്, ഷിജോ പി.ഡി, അലക്‌സ് കെ ഇമ്മാനുവേല്‍ എന്നിവര്‍പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments