പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ഇടമലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ ജോലികള്‍ക്കിടെ ഇടിമിന്നലിനെ തുടര്‍ന്ന് കരാര്‍ ജീവനക്കാരന് ഷോക്കേറ്റു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെമ്മലമറ്റം സ്വദേശി സണ്ണിയ്ക്കാണ് ഷോക്കേറ്റത്. ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നുള്ള വാകമരം മുറിക്കുന്നതിനായി ശിഖരം മുറിക്കുന്ന ജോലികള്‍ക്കിടെയായിരുന്നു അപകടം.
പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍വാകമരം മുറിച്ചുനീക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ പിഡബ്ല്യുഡിയാണ് ഇതിന് നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി വലിയ ശിഖരങ്ങള്‍ മുറിക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി ലൈന്‍ കമ്പികള്‍ അഴിച്ചുള്ള ജോലികളാണ് നടന്നത്. ജോലിയുടെ ഭാഗമായി പോസ്റ്റിന് മുകളില്‍ സണ്ണി ഇരിക്കുമ്പോഴാണ് ഇടിമിന്നലുണ്ടായത്.
പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും ഇടിമിന്നലില്‍ വൈദ്യുതി ലൈനിലൂടെ കറന്റ് പ്രവഹിക്കുകയായിരുന്നു. ഷോക്കേറ്റ് സണ്ണിയ്ക്ക് ബോധക്ഷയം ഉണ്ടായെങ്കിലും സേഫ്റ്റി ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ മുകളില്‍കയറി സണ്ണിയെ താഴെയിറക്കി. ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിലെത്തിച്ച സണ്ണിയെ വിദഗ്ധ പരിശോധനകള്‍ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശരീരത്ത് പൊള്ളലോ മറ്റ് പരിക്കുകളോ ഇല്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments