Latest News
Loading...

ജനവാസ കേന്ദ്രത്തിൽ കള്ള് ഷാപ് . പ്രതിഷേധവുമായി ജനങ്ങൾ


ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയിൽ കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ കള്ള് ഷാപ്പാണ് രണ്ടു വർഷത്തിനുശേഷം തിരികെയെത്തിയത്. ജനങ്ങൾ സംഘടിച്ചതോടെ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. 




ഭരണങ്ങാനം പഞ്ചായത്ത് ഒമ്പതാം വാർഡിൽ അയ്യമ്പാറയിലാണ് ജനവാസ കേന്ദ്രത്തിൽ റോഡിനോട് ചേർന്ന് കള്ള് ഷാപ്പ് ആരംഭിക്കുന്നത്. 2022-ൽ പച്ചക്കറി കട തുടങ്ങാൻ എന്ന വ്യാജേന ലൈസൻസ് എടുത്ത ശേഷം കള്ളുഷാപ്പ് ലൈസൻസിനുള്ള നീക്കം നടത്തിയതോടെയാണ് അന്ന് ജനങ്ങൾ സംഘടിച്ചത്. 



ചുറ്റും വീടുകളും സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്ന സ്ഥലവുമായ ഇവിടെ കള്ള് ഷാപ്പ് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. 50 മീറ്റർ പോലും അകലെ അല്ലാതെയാണ് സ്ഥലത്തെ അംഗൻവാടി ഉള്ളത്. പ്രതിഷേധവും പരാതികളും ശക്തമായതോടെ ഷാപ്പ് ഇവിടെ ആരംഭിക്കാനാകാതെ പോവുകയായിരുന്നു





ഒരു റബ്ബർ തോട്ടത്തിലേക്ക് മാറ്റി കച്ചവടം ആരംഭിച്ചു എങ്കിലും ഇവിടെ കച്ചവടം കുറവാണെന്ന് പേരിലാണ് ഇപ്പോൾ പഴയ സ്ഥലത്തേക്ക് തന്നെ തിരികെ എത്തിയിരിക്കുന്നത് . ആവശ്യമായ ലൈസൻസ് നേടിയാണ് ഷാപ്പ് തുടങ്ങുന്നത് എന്നാണ് ഉടമയുടെ വാദം. 4 മണിയോടെ ഇവിടെ കള്ള് എത്തിച്ചു എന്ന വാർത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങൾ ഒന്നാകെ സംഘടിക്കുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് നാല് വണ്ടിയോളം പോലീസ് സ്ഥലത്തെത്തിയിരുന്നു. ഷാപ്പ് നടത്താൻ ആവശ്യമായ രേഖകൾ ഉണ്ടെന്നും ജനങ്ങൾ നിയമപരമായി നീങ്ങണമെന്നുമാണ് പോലീസിന്റെ നിലപാട്. 



വ്യാഴാഴ്ച മുതൽ കള്ള് വില്പന ആരംഭിക്കാൻ ആണ് നീക്കമെങ്കിൽ തടയാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. ചുറ്റും വീടുകളും ബസ്റ്റോപ്പും സമീപത്ത് അംഗൻവാടിയും ഉള്ളത് പരിഗണിക്കാതെ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments