ഈരാറ്റുപേട്ട: പ്രവാചകന്മാരായ ഇബ്രാഹിം നബിയുടെയും പുത്രനായ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണകൾ ഉണർത്തി ഈരാറ്റുപേട്ടയിലെ മുസ്ലിംങ്ങൾ ബലിപെരുന്നാൾ ആഘോഷിച്ചു.
ബലിപെരുന്നാൾ നമസ്കാരത്തിനായി തിങ്കളാഴ്ച രാവിലെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ ജും മുഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി വിശ്വാസികളെത്തി.
മനുഷ്യരെ ചേർത്ത് പിടിച്ച് സഹോദര്യവും സ്നേഹവും നന്മയും പ്രകടിപ്പിച്ച് വർഗിയതയെ ചെറുക്കണമെന്നും ഇമാമുമാർ ഖുതുബ പ്രസംഗത്തിൽ വിശ്വാസികളെ ഉണർത്തി.
ഓരോ വിശ്വാസിയും സമർപ്പണത്തിലൂടെ ഇബ്രാഹിമും ഇസ്മായിലുമായി മാറണമെന്നും ഓരോ ബലി പെരുന്നാളും വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും കൂടി ഓർമ്മപ്പെടുത്തലാണെന്നും ഇമാമുമാർ നമസ്‌കാരത്തിനു ശേഷമുള്ള ഖുതുബയിൽ ഉദ്‌ബോധിപ്പിച്ചു.
ഇന്ത്യയിലേയും ലോകത്തേയും സമകാലിക സംഭവങ്ങൾ പരാമർശിച്ച ഇമാമുമാർ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി എഴുന്നേറ്റുനിൽക്കാൻ വിശ്വാസികൾ തയാറാകണമെന്ന് ഉദ്‌ബോധിപ്പിച്ചു. ഫലസ്തീനിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥനയും ഉണ്ടായിരുന്നു.
ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ അഷറഫ് മൗലവിയും പുത്തന്‍പള്ളിയില്‍ അലി ബാഖവിയും തെക്കേക്കര മുഹിയിദ്ദീന്‍ പള്ളിയില്‍ വി.പി.സുബൈര്‍ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറില്‍ ടി.എം.ഇബ്രാഹിംകുട്ടി മൗലവിയും വാക്കാപറമ്പ് മസ്ജിദുൽ റഹ്മയിൽ നൗഫൽ ബാഖവിയും സുന്നി മസ്ജിദിൽ മുഹമ്മദ് ലബീബ് അസ് ഹരിയും നടയ്ക്കല്‍ ഹുദാമസ്ജിദില്‍ മുഹമ്മദ് ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ ഹാഷിർ നദ് വി യും തെക്കേക്കര സഹാബ മസ്ജിദിൽ ഹാഷിം മൗലവിയും നൂറുൽ ഇസ്ലാം മസ്ജിദിൽ അഷറഫ് മൗലവിയും
നടയ്ക്കൽ സ്പോട്ടിഗോ ഫുട്ബോൾ ടർഫിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ അസ് ലം മൗലവി കാഞ്ഞിരപ്പള്ളിയും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും കടുവാമൂഴി ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിലും ഈദ് ഗാഹു കൾ നടന്നു.
നമസ്‌കാരത്തിനും ഖുത്തുബയ്ക്കും ശേഷം വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറി.
ഈദ് ഗാഹുകളിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.
എല്ലാ പള്ളികളുടെ കീഴിലും ബലി കർമം നടത്തി. ബലിമാംസം ഈരാറ്റുപേട്ടയിലെ മുഴുവൻ വീടുകളിലും പ്രവർത്തകർ എത്തിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments