Latest News
Loading...

ടൂറിസ്റ്റ് വാഹനങ്ങൾ ‘ഡാൻസിങ് ഫ്ലോർ’ ആക്കരുത്: ഹൈക്കോടതി

ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ അടക്കമുള്ള വാഹനങ്ങളുടെ അകം ‘ഡാൻസിങ് ഫ്ലോർ’ ആക്കാൻ അനുവദിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയിൽ, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊട്ടേറ്റിങ് എൽഇഡി ലൈറ്റുകൾ അടക്കുമുള്ളവ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാനാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെ‍‍‍‍‍‍‍‍‍‍ട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 


ട്രാൻസ്പോർട്ട് കമ്മിഷണറും ഡിജിപിയും നടപടിയെടുക്കണം. ഇതുസംബന്ധിച്ചു ജനുവരി 10ലെ കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. ലൈറ്റ്, ഹോൺ തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ 3 മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നടപടി സ്വീകരിക്കണം.

അപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വാഹനങ്ങളുടെ അകവുംപുറവും കാണുന്ന ഫൊട്ടോഗ്രാഫുകളും വിഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്തണം. ശബരിമല തീർഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഇതുസംബന്ധിച്ച ഹർജി 28ന് വീണ്ടും പരിഗണിക്കും.


ശബ്ദനിയന്ത്രണം, ലൈറ്റിങ് തുടങ്ങിയവ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ചു പരാതിപ്പെടാൻ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫിസർമാരുടെ വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം. ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽനിന്നു വാഹനങ്ങളുടെ നിയമലംഘനം സംബന്ധിച്ചു തെളിവു ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു. 


ലൈറ്റ്, ബൂസ്റ്റർ ആംപ്ലിഫയർ, ഈക്വലൈസർ, ഡിജെ മിക്സർ തുടങ്ങിയവയ്ക്കൊപ്പം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പ്രതിഫലനമുണ്ടാക്കുന്ന, ഡ്രൈവർ കാബിനുകളിലെ കൺട്രോൾ പാനലുകളിലെ പ്രകാശ അലങ്കാരങ്ങളും അപകടമുണ്ടാക്കും. ഇത്തരം വാഹനങ്ങൾക്ക് അനുമതി നൽകരുത്. ബഹുവർണ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ തടയാൻ നടപടിയെടുക്കണം. നിയമപ്രകാരമല്ലാതെ ഇവ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം. കേൾവിക്കു ഹാനികരമായ ഹൈപവർ ഓഡിയോ സിസ്റ്റവും അനുവദിക്കരുത്.

Post a Comment

0 Comments