Latest News
Loading...

മീനച്ചിലാറ്റിൽ ഏഴിടത്ത് മിനിഡാമും പാലവും നിർമ്മിക്കാൻ പദ്ധതി

പാലാ/ ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ തീക്കോയി മുതൽ കോട്ടയം വരെ ഏഴിടത്ത് മിനിഡാമും  റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കി. മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽപ്പെട്ട കളത്തൂക്കടവ് ചില്ലാച്ചി , മീനച്ചിൽ ഭരണങ്ങാനം പഞ്ചായത്തുകളിൽപ്പെട്ട ഇടമറ്റം കൂറ്റനാൽ കടവ്, പാലാ നഗരസഭയിലെ അരുണാപുരം, കോട്ടയം നഗരസഭയിലെ പാറമ്പുഴ എന്നിവിടങ്ങളിൽ മിനിഡാമും റഗുലേറ്റർ കം പാലവും ഏറ്റുമാനൂർ പഞ്ചായത്തിലെ പള്ളിക്കുന്ന്, കിടങ്ങൂർ പഞ്ചായത്തിലെ ചെമ്പിളാവ്, തീക്കോയി പഞ്ചായത്തിലെ ചേരിപ്പാട് എന്നിവടങ്ങളിൽ പാലം ഇല്ലാതെ മിനി ഡാമും നിർമിക്കാനാണു പദ്ധതി. മിനി ഡാം നിർമ്മിക്കുന്നതോടെ   മീനച്ചിലാറിന്റെ സമീപ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നാണ് ആശങ്ക. ഓരോ വെളളപൊക്കത്തിനും ദുരിതം അനുഭവിക്കുന്ന പാലാ, ഈരാറ്റുപേട്ട ടൗണുകളിലെ വ്യാപാരികളും മിനി ഡാമിനെ എതിർക്കുന്നു. 

ഡാമുകൾ വരുന്നതോടെ വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കൂടുമെന്നാണ് ആശങ്ക. മീനച്ചിൽ ആറിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി  നിലവിൽ തോന്നിയത് പോലെ നിർമ്മിച്ചിട്ടുളള തടയണകൾ വെള്ളപ്പൊക്കം വരുത്തി വെക്കുന്നു വെന്നാണ് ആക്ഷേപം. നിർമ്മാണത്തിന് ശേഷം   ജലം സംഭരിക്കേണ്ട ഭാഗങ്ങളിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങളും ചെളിയും സമയാസമയങ്ങളിൽ മാറ്റാറില്ല. 
പാലായിലും സമീപപ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്ക് ഇത് ഒരു പ്രധാന കാരണമാണ്.മിനി ഡാം നിർമ്മിക്കുന്നതിന് മുമ്പായി ആവശ്യത്തിനുളള പരിസ്ഥിതി ആഘാത പഠനവും ചർച്ചകളും നടത്തി പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മിനി ഡാം കൂടി വന്നാൽ അത് പാലായിൽ അടിക്കടി വെള്ളപ്പൊക്കത്തിന് ഇടയാക്കും. മിനി ഡാം നിർമ്മിക്കാനുള്ള തീരുമാനം അടിയന്തിരമായി പുനരാലോചിക്കണം. തുടരെ തുടരെ ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എല്ലാം വെള്ളത്തിൽ മുങ്ങി വലിയ നാശ നഷ്ടങ്ങൾ നേരിടുമ്പോഴാണ്
അനാവശ്യമായി മിനി ഡാമുകൾ നിർമ്മിക്കുന്നത്.
അസ്ഥാനത്ത് അശാസ്ത്രീയയമായി നിർമ്മിച്ച തടയണകൾ കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യങ്ങളിൽ പാരിസ്ഥിതികപ്രശ്നങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയാക്കിക്കൊണ്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ എന്തെങ്കിലും നിർമ്മാണപ്രവർത്തനം നടത്തുംമുമ്പ് സമഗ്രമായ പഠനം ഇനിയെങ്കിലും നടത്തേണ്ടതാണ്. വെള്ളം 4 മീറ്റർ ഉയർത്തി നിർത്തും വിധമാണ് മിനി ഡാമുകളുടെ നിർമ്മാണം എന്നറിയുന്നു. ഡാമിൽ ജലം നിറഞ്ഞു നിൽക്കെ മീനച്ചിൽത്തോട്ടിൽനിന്നും ളാലം തോട്ടിൽനിന്നും വലിയ അളവിൽ വെള്ളം എത്തിയാൽ പാലാനഗരം പെട്ടെന്ന് കവിയും. ടൂറിസത്തിന്റെ പേരിലും റോഡുകൾക്കുവേണ്ടിയും മറ്റും നഗരത്തിൽ മീനച്ചിലാർ ഇപ്പോൾത്തന്നെ തീരെ ശുഷ്ക്കിച്ച അവസ്ഥയിലാണ്. മീനച്ചിൽ നദീസംരക്ഷണസമിതി നടത്തിയ പ്രാഥമിക പഠനങ്ങളിൽത്തന്നെ മിനിഡാം വിത്ത് റഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ടാക്കുംമുമ്പ് കൂടുതൽ പഠനം ആവശ്യമാണെന്ന് കാണുന്നു. 
നഗര-ഗ്രാമ പ്രദേശങ്ങളിൽ അപ്രതീക്ഷിതവെള്ളപ്പൊക്കങ്ങൾക്കും കെടുതികൾക്കും ഇടയാക്കാവുന്ന ഒരുനിർമ്മാണത്തിനുമുമ്പ് സ്വതന്ത്രവും ശാസ്ത്രീയവുമായ പഠനം നടത്തണമെന്ന് മീനച്ചിൽ നദീസംരക്ഷണസമിതി നിരന്തരം 
ആവശ്യപ്പെടുന്നുണ്ട്.

പാലം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അതു നിർമ്മിച്ചു കിട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നു. പാലം ആധികാരികമായി പണിയാൻ ചുമതലപ്പെട്ടവർ പി.ഡബ്ലു.ഡി.ആണ്. എന്നാൽ നദിയുടെ കാര്യങ്ങൾ ഇറിഗേഷൻ വകുപ്പലാണ്. വെള്ളം നിയന്ത്രിക്കാനെന്ന ഭാവേന തടയണ പണിയാൻ ജല സേചന വകുപ്പിന് വകുപ്പുണ്ട്. അതുകൊണ്ട് ഒരു തടയണ പണിയുന്നു. എന്നാൽ പിന്നെ ഒരു പാലം കൂടി അതിൻ്റെ മുകളിലായേക്കാം. പാലവും റോഡും നിർമ്മിക്കാൻ ചുമതലപ്പെടവർ പി. ഡബ്ലു. ഡി. തങ്ങൾ പണിയാത്ത പാലത്തിന് അപ്രോച്ച് റോഡ് പണിയാൻ പി ഡബ്ലു ഡി ബാദ്ധ്യത ഏറ്റെടുക്കാറില്ല.

കളരിയാമ്മാക്കൽ പാലം 7 വർഷമായി നോക്കുകുത്തിയായി നിൽക്കുന്നത് ഉദാഹരണം.   
കോടികൾ മുടക്കി അപ്രോച്ച് റോഡില്ലാതെ പാലം പണിയാൻ ചില വാക്കുന്ന തുകയുടെ പലിശയുടെ ഒരംശം മതി വേനൽക്കാലത്ത് ആവശ്യമെങ്കിൽ താത്ക്കാലിക തടയണ പണിയാൻ. വീതി കുറഞ്ഞ മീനച്ചിലാറ്റിൽ പാലം പണിയുന്നുണ്ടെങ്കിൽ നദീ മധ്യത്തിൽ തൂണില്ലാതെ പണിയാമെങ്കിൽ മതി എന്ന് ജനം തീരുമാനിക്കണം.1953 ൽ പാലാ പാലം നദീമധ്യത്തിൻ രണ്ടു തൂണിലാണ് പണിതത്. 2014ൽ പാറപ്പള്ളി കളരിയാമ്മാക്കൽ പാലത്തിന് നദീമദ്ധ്യത്തിൽ 5 തൂണുകൾ. ഇതു മൂലം 
 മരങ്ങളും ചപ്പുചവറുകളും അടിഞ്ഞുകൂടുന്നത് നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. ഭരണങ്ങാനം - വിളക്കുമാടം - പൈക റോഡിൽ വിലങ്ങുപാറ മുതൽ പങ്കപ്പാട് വരെയുള്ള ഭാഗങ്ങൾ ഇപ്പോൾ വെള്ളത്തിൽ മുങ്ങും. ഇടമറ്റം കൂറ്റനാൽക്കടവിൽ മിനിഡാമു കൂടി വന്നാൽ അവസ്ഥ മാറും. ഇടമറ്റത്തെ കൂടുതൽ പ്രദേശങ്ങളും ഭരണങ്ങാനം ക്ഷേത്രം , അമ്പാറ, പനയ്ക്കപ്പാലം ഭാഗങ്ങളും വെള്ളത്താൽ മുങ്ങും.
മിനി ഡാമുകൾ മൂലം മീനച്ചിൽ ആറ്റിൽ സ്ഥിരമായി ഉദ്ദേശം 10 അടിയിൽ കുറയാതെ വെള്ളം ഉണ്ടാവും. ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകാറുള്ള വെള്ളപൊക്കത്തേക്കാൾ വളരെ ഉയർന്ന ജലനിരപ്പോടെയുള്ള വെള്ളപ്പൊക്കങ്ങൾ വർഷത്തിൽ ഒരു 25 എണ്ണം വരെ പ്രതീക്ഷിക്കാം.
തട അണയിൽ നിന്നും ഏകദേശം 4-5 കിലോമീറ്റർ മുകളിലേയ്ക്കു ആറിന് രണ്ട് വശങ്ങളിലേയ്ക്കു കരയുടെ ഉയർച്ചതാഴ്ചകൾ അനുസരിച്ചു ളാലം തോട് , പൊന്നൊഴുകും തോട് ഉൾപ്പെടെ ഉള്ള നീർച്ചാലുകളിൽ വെള്ളം ഉയരും.
മീനച്ചിൽ തോടും പാലാ പൊൻകുന്നം റോഡും വർഷത്തിൽ ഒരു മാസത്തോളം ഒരേ ലെവലിൽ ആയിരിക്കുവാനും സാധ്യത തള്ളി കളയാൻ ആവില്ല. മിനി ഡാമുകൾ
തീർച്ചയായും പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.Post a Comment

0 Comments