Latest News
Loading...

അനൂപിന്റെ മരണം - ബ്ലെയ്ഡ് മാഫിയയെ ഇല്ലാതാക്കണം - എ.ഐ.വൈ.എഫ്.

രാമപുരം: ബ്ലെയ്ഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനൂപ് അശോകന് നീതി നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ രാമപുരത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ഉദ്ഘാടനം ചെയ്തു. പാലാ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഷജിത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു.


 കഴിഞ്ഞ ഏഴാം തീയതി വീട്ടില്‍ നിന്നും അനൂപിനെ കാണാതായത്. ബന്ധുക്കളും പോലീസും ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. പിറ്റേദിവസം രാവിലെ 5.30 ന് സമീപവാസിയുടെ പുരയിടത്തിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനൂപിനെ കണ്ടെത്തിയത്. കോട്ടയം ഉഴവൂര്‍ റോഡിലെ സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു അനൂപ്. 


കൊള്ളപ്പലിശയ്ക്ക് പണം കടം നല്‍കുന്ന രണ്ടുപേര്‍ അനൂപിനെ വിളിച്ച് നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഈ അടുത്തിടെ ജോലിചെയ്യുന്ന ബസില്‍ നിന്നും വലിച്ച് താഴെയിട്ട് അടിക്കുമെന്നും പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് ഒരാഴ്ച്ചയായി അനൂപ് ജോലിക്ക് പോയിരുന്നില്ല. 60000 രൂപയായിരുന്നു ബ്ലെയ്ഡ് മാഫിയയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് വാങ്ങിയത്. ഇതില്‍ 20000 രൂപ തിരികെ നല്‍കിയിരുന്നു.


 ബാക്കിയുണ്ടായിരുന്ന 40000 രൂപ പലിശ സഹിതം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്. അനുപിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. അനൂപിന് ഭാര്യയും മൂന്ന് മാസം മാത്രം പ്രായമുള്ള കൊച്ച് കുഞ്ഞുമുണ്ട്. 40000 രൂപയ്ക്കുവേണ്ടി ഒരു ജീവന്‍ കൊലയ്ക്ക് കൊടുത്ത് കുടുംബം അനാഥമാക്കിയ രാമപുരത്തെ ബ്ലെയ്ഡ് മാഫിയയിലെ എല്ലാവരെയും ഇല്ലായ്മ ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പയസ് രാമപുരം, പി.എ. മുരളി, ബിനീഷ് അഗസ്റ്റിന്‍, ജോമോന്‍ ജോണി, റോയി സെബാസ്റ്റിന്‍, രാജു കൊച്ചാപ്പിള്ളില്‍, ഷിബു കൊച്ചാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments