Latest News
Loading...

ഭാസ്കരൻ കർത്ത അനുസ്മരണ സമ്മേളനം

മുത്തോലി: മീനച്ചില്‍ കര്‍ത്താ നാടുവാഴികളുടെ പിന്തുടര്‍ച്ചക്കാരനായ മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, പാലായുടെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ദാമോദര സിംഹര്‍ കെ.കെ. ഭാസ്‌കരന്‍ കര്‍ത്താ സമൂഹമെന്നും സ്മരിക്കേണ്ട വ്യക്തിത്വമാണെന്ന് മാര്‍. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലായുടെ മത സൗഹാര്‍ദ്ദതയ്ക്ക് മീനച്ചില്‍ കര്‍ത്താക്കള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. പാലാ ബിഷപ്പായി ചാര്‍ജ്ജെടുത്തപ്പോള്‍ ഭാസ്‌കരന്‍ കര്‍ത്താ തനിയ്ക്ക് നല്‍കിയ വടി ഇപ്പോഴും ഉപയോഗിക്കുകയും അത് അരമന കച്ചേരിയില്‍ ഭദ്രമായി സൂക്ഷിക്കുന്നതായും മാര്‍. കല്ലറങ്ങാട്ട് പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്‌കൃത പാഠശാലയും, ആയുര്‍കേന്ദ്രങ്ങളുമടങ്ങുന്ന മിനി സര്‍വ്വകലാശാല തന്നെ കര്‍ത്താക്കന്മാര്‍ മീനച്ചില്‍ ആരംഭിച്ചു. കര്‍ത്താക്കന്‍മാരുടെ മന്ത്രിസഭയുടെ മന്ത്രിമാരില്‍ പലരും പാലായിലെ ക്രിസ്തീയ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. ആ കാലംമുതല്‍, മതസൗഹാര്‍ദ്ദത നിറഞ്ഞു നില്‍ക്കുന്ന പ്രദേശമായി ഇന്നും പാലാ നിലനില്‍ക്കുന്നു. മീനച്ചില്‍ പൗരാവലിയുടെയും സെന്റ്. ആന്റണീസ് ഇടവകയുടെയും എന്‍.എസ്.എസ്. പൂവരണി കരയോഗത്തിന്റെയും മീനച്ചില്‍ പബ്ലിക്ക് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. 

യോഗത്തില്‍ ജോസ് കെ. മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വാഗതവും, മീനച്ചില്‍ പള്ളി വികാരി ഫാ. തോമസ് തോട്ടുങ്കല്‍, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, ഡോ. റ്റി.സി. തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍, വെള്ളാള മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.ആര്‍. വിജയകുമാര്‍, പഞ്ചായത്ത് അംഗം ശ്രീജയ എം.പി., എന്‍.എസ്.എസ്.കരയോഗം പ്രസിഡന്റ് എന്‍.പി. ശശീന്ദ്രന്‍ നായര്‍, മീനച്ചില്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ഫിലിപ്പ് ഓടയ്ക്കല്‍, മീനച്ചില്‍ കര്‍ത്താ കുടുംബയോഗം സെക്രട്ടറി രവികുമാര്‍ കര്‍ത്താ, ഷാജി തകടിയേല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി കപ്പലുമാക്കല്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 




Post a Comment

0 Comments