Latest News
Loading...

റോഡിലെ കുഴികളടച്ച് പൊതുമരാമത്ത് വകുപ്പ്

പാലാ എം എൽ എ നേരിട്ടിടപെട്ടതോടെ  മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ രൂപപ്പെട്ട  കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ചു. സ്റ്റേഡിയം ജംഗ്ഷനു സമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ദിനംപ്രതി കുഴികളുടെ വലുപ്പം കൂടുകയും കൂടുതൽ കുഴികൾ രൂപപ്പെടുകയും ചെയ്തു. എന്നാൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചില്ല. കുഴികളിൽ ചാടി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായിരുന്നു.  കനത്ത മഴ പെയ്താലോ രാത്രിയായാലോ ഈ കുഴികൾ ഡ്രൈവർമാർക്കു കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. 

                                                                  
മഴയ്ക്കു മുമ്പ് ഈ ഭാഗത്തെ ടാറിംഗ് ഇളകിപ്പോയിത്തുടങ്ങിയിരുന്നുവെങ്കിലും സമയോചിതമായി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ ദുരിതമുണ്ടാവുമായിരുന്നില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നു പൊതുമരാമത്ത് വകുപ്പിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ റോഡിലെ കുഴികൾ അടച്ചു ദുരിതം ഒഴിവാക്കാൻ മാണി സി കാപ്പൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നു സംഭവസ്ഥലത്തെത്തിയ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് അധികൃതർ റോഡിലെ കുഴികൾ അടയ്ക്കുകയായിരുന്നു.   


നിരന്തരം പ്രശ്നം ഉണ്ടാവുന്ന ഈ ഭാഗത്ത് ടൈൽ പാകാൻ അധികൃതർക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ അറിയിച്ചു. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അഡ്വ ബേബി സൈമൺ, ടി വി ജോർജ്, എം പി കൃഷ്ണൻനായർ എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു. റോഡിൻ്റെ കുഴികൾ അടയ്ക്കാൻ അടിയന്തിര നടപടി സ്വീകരിച്ച മാണി സി കാപ്പൻ എം എൽ എ യെ ജനവേദി അഭിനന്ദിച്ചു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന, ജോസഫ് കുര്യൻ, ജസ്റ്റിൻ ജോർജ്, വിദ്യാധരൻ വി റ്റി, ബിനോഷ് പി പി തുടങ്ങിയവർ പ്രസംഗിച്ചു. 

Post a Comment

0 Comments