Latest News
Loading...

തലനാടൻ ഗ്രാമ്പൂവിന്റെ ഭൗമ സൂചികാ പദവി നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

തലനാട് :- കേരളത്തിലെ സുഗന്ധവിളകളിൽ മുൻ നിരയിലുള്ള തലനാടൻ ഗ്രാബൂവിന് ഭൗമ സൂചികാ പദവി ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനം വർഷങ്ങളയി അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് തലനാട്ടെ ഗ്രാമ്പൂ കർഷകർ. ഇതിന്റെ ഭാഗമായി ഗ്രാമ്പൂ കർഷക കൂട്ടായ്മയുണ്ടാക്കി, "തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആന്റ് പ്രോസസ്സിംഗ് ഇൻ ഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി " രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. 

ഈ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഏറെ പ്രത്യേകതകളുള്ള തല നാടൻ ഗ്രാമ്പൂവിന് ദൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള അപേക്ഷകൾ അതികൃതർക്ക് നൽകുകയും പരീക്ഷണ നിരിക്ഷണ പരിപാടികൾ നടത്തിവരികയും ചെയ്യുന്നത്. തലനാട് ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും കേരളാ കാർഷിക സർവ്വകലാശാലയും ഇതിനു വേണ്ടുന്ന ഒത്താശകൾ ചെയ്തു വരുന്നു.


തലനാട് എന്ന ഗ്രാമത്തിന്റെ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടേയും പ്രത്യേകത കൊണ്ടാണ് ഇവിടെ വിളയുന്ന ഗ്രാമ്പൂ വിന് മറ്റു പ്രദേശങ്ങളിലുള്ളതി നേക്കാൾ ഗുണനിലവാരത്തിലും വലിപ്പത്തിലും നിറത്തിലും സുഗന്ധത്തിലും മുന്നിട്ടു നിൽക്കുന്നതായി കേരളാ കാർഷിക സർവകലാശാലയുടെ പഠനങ്ങൾ തെളിയിക്കുന്നു.

തലനാടൻ ഗ്രാമ്പൂവിന്റെ ഭൗമ സൂചികാ പദവി പ്രവേശത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ഗ്രാമ്പൂ കർഷകരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷി രീതികൾ ചർച്ച ചെയ്യുന്നതിനുമായി തലനാടൻ ക്ലോവ് ഗ്രോ വേഴ്സ് ആന്റ് പ്രോസസ്സിംഗ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും തലനാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തലനാട് എസ്സ്.എൻ. ഓഡിറ്റോറിയത്തിൽ പഠനശിബിരം നടന്നു. 


ചീഫ് പ്രമോട്ടർ പി. എസ്.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു. ഭൗമ സൂചിക പദവി സ്റ്റേറ്റ് കോ - ഓർഡിനേറ്റർ ഡോ. ദീപ്തി പദ്ധതി വിശദീകരിക്കുകയും കർഷകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുന്നതിനായി ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോട്ടയം റീജിയണൽ അഗ്രികൾച്ചർ റിസേർച്ച് സെന്റർ അസോസിയേറ്റ് ഡയറക്ടർ ഡോ. അനു . ജി.കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കേരള കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. മഞ്ജുഷ ആർ.എസ്., കൃഷി വകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ റീനാ കുര്യൻ, ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, മെമ്പർമാരായാ ബിന്ദു, റോബിൻ ജോസഫ് , തലനാട് കൃഷി ഓഫീസർ ഫരീദ് എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കൃഷി ഓഫീസർമാരും ഗ്രാമ്പൂ കർഷകരും പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments