Latest News
Loading...

രക്തക്ഷാമം പരിഹരിക്കുവാൻ കുടുംബാഗംങ്ങളുടെ രക്തദാനം


പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ രക്തക്ഷാമം പരിഹരിക്കുന്നതിനായി കുടുംബാംഗങ്ങളുടെ രക്തദാനം എന്ന ചലഞ്ച് ഏറ്റെടുത്ത് നിരവധി കുടുംബങ്ങൾ . ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി നടപ്പിലാക്കുന്ന കുടുംബാംഗങ്ങളുടെ രക്തദാനം എന്ന പരിപാടിയുടെ ഉദ്ഘാടനം പാലാ കിസ്കോ-മരിയൻ ബ്ലഡ് ബാങ്കിൽ നടന്നു. പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. 

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൻ, മരിയൻ ആശുപത്രി അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ഷേർളി എഫ് സി സി, ബ്ലഡ് ഫോറം ഡയറക്ടർമാരായ പ്രെഫ.പി ഡി ജോർജ്, സജി വട്ടക്കാനാൽ, സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബെൻസിറ്റാ എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, മേരിക്കുട്ടി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 കൂടുതൽ കുടുംബങ്ങൾ ഈ ചലഞ്ച് ഏറ്റെടുത്ത് മുൻപോട്ടു വരണമെന്ന് പാലാ ഡി വൈ എസ് പി ഷാജു ജോസ് ആവശ്യപ്പെട്ടു. മാതാപിതാക്കളും മക്കളും സഹോദരങ്ങളും ഈ ചലഞ്ച് ഏറ്റെടുത്ത് ഒരുമിച്ച് മുൻപോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


കൊഴുവനാൽ പിടികയിൽ ബാബു - റാണി ദമ്പതികളുടെ ഡോൺസൺ, സെബാസ്റ്റ്യൻ, ഫിലിപ്പ് എന്നീ മൂന്ന് ആൺമക്കൾ ആണ് ഈ ചലഞ്ചിൽ പങ്കെടുത്ത് ആദ്യമായി രക്തം ദാനം ചെയ്തത്. 
     

ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ. കോവിഡുമൂലം ഒരു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് നീങ്ങുന്നത്.


 കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 
  കോവിഡ് വന്ന് നെഗറ്റീവ് ആയതിന് ശേഷം ഒരു മാസം കഴിഞ്ഞും രക്തം ദാനം ചെയ്യാവുന്നതാണ്.
        


കോവിഡ് മഹാമാരി കഴിഞ്ഞതിൽ പിന്നെ രക്തദാതാക്കളെ കണ്ടെത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. 
ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.

     18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. 

   രക്തം ദാനം ചെയ്യുവാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments