Latest News
Loading...

വികസനത്തിന്റെ പേരുപറഞ്ഞ് MLA നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണം. എല്‍ഡിഎഫ്

 പാലാ എംഎല്‍എ മാണി സി. കാപ്പന്‍ വികസനത്തിന്റെ പേരു പറഞ്ഞു നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃത്വം ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി മാണി സി. കാപ്പന്‍ എംഎല്‍എ 62 ഗ്രാമീണ റോഡുകള്‍ക്ക് അനുമതിക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 276 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 62 റോഡുകള്‍ക്ക് മാണി സി. കാപ്പന്‍ മുഖേന ഫണ്ട് അനുവദിച്ചതായി പാലാ മണ്ഡലത്തില്‍ എല്ലായിടത്തും ഫ്ളെക്സ് വച്ചു. ആവശ്യമായ പബ്ലിസിറ്റിയും നടത്തി. യഥാസമയം റോഡ് നിര്‍മ്മാണം ആരംഭിക്കാനോ പണി പൂര്‍ത്തിയാക്കാനോ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. മുന്‍പ് ഫണ്ട് അനുവദിച്ച 62 റോഡുകള്‍ റദ്ദ് ചെയ്ത് അതേ എണ്ണത്തില്‍ അതേ തുകയ്ക്ക് റോഡ് പുനഃരുദ്ധാനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 6-9-2021 ല്‍ സര്‍ക്കാരിന് 62 റോഡുകളുടെ ലിസ്റ്റ് നല്‍കി. സര്‍ക്കാര്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 62 റോഡുകളുടെ ഭരണാനുമതി റദ്ദ് ആക്കി. മാണി സി. കാപ്പന്റെ കത്തില്‍ സൂചിപ്പിച്ച 63 റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2.27
കോടി രൂപ അനുവദിച്ചു. പുതിയതായി അനുവദിച്ച 53 റോഡുകളുടെ പേരിലും കാപ്പന്‍ ഫ്ളെക്സ് വിപ്ലവം നടത്തിയതായി നേതാക്കൾ ആരോപിച്ചു.


ആദ്യ ലിസ്റ്റില്‍പ്പെട്ട റോഡ്പണി നടക്കാതെ വന്നപ്പോള്‍ പലയിടത്ത് നിന്നും എം എൽ എയോട് ജനങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞു. ആദ്യ ലിസ്റ്റിലെ 52 റോഡുകള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പേട്ട് കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് ആ ലിസ്റ്റ് കാന്‍സല്‍ ആയത് എന്ന കാര്യം മറച്ച് പിടിച്ച് സര്‍ക്കാരിന് ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് പണി നടക്കാത്തത് എന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 2022 മാര്‍ച്ച് 1-ന് ജോസ് കെ. മാണി എം.പി. സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലായി 20 പ്രവര്‍ത്തികള്‍ക്ക് 1 കോടി രൂപ അനുവദിച്ചു. അതില്‍പ്പെട്ട കടനാട് - കവുങ്ങുംമറ്റം - വാളികുളം റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു. കടനാട് പഞ്ചായത്തിലെ കടനാട് - കവുങ്ങുംമറ്റം - വാളികുളം റോഡിന് ഫണ്ട്
അനുവദിച്ചതില്‍ മാണി സി. കാപ്പന്‍ എം എൽ എയ്ക്ക് യാതൊരു പങ്കും ഇല്ല. എങ്കിലും എട്ടുകാലിമമ്മുഞ്ഞിനെപ്പോലെ ഈ റോഡിന്റെ പിതൃത്വം ഏറ്റെടുക്കുന്ന എം എൽ എയുടെ പ്രവര്‍ത്തി തീര്‍ത്തുംതരം താഴ്ന്നതാണ്. സര്‍ക്കാര്‍ രേഖ തിരുത്തി ഫ്ളെക്സ് അടിച്ച് കടനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വികസനകാര്യത്തില്‍ സര്‍ക്കാര്‍ ഒരു മണ്ഡലത്തോടും വിവേചനം കാണിക്കുന്നില്ല. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ടൂറിസം മറ്റ് പശ്ചാത്തല വികസനകാര്യങ്ങളില്‍ എം എൽ എ ഏത് എന്ന് നോക്കാതെ അനുമതി നല്‍കുന്നു. കേരളത്തിലങ്ങോളം നടക്കുന്ന വികസനം പോലെ പാലാ മണ്ഡലത്തിലും സര്‍ക്കാരിന്റെ വികസനം എത്തുകയാണ്. ഓരോ വികസനപദ്ധതികളും നടക്കുന്ന സ്ഥലത്ത് പോയി ഫോട്ടോ ഷൂട്ട് നടത്തുകയാണ് എം എൽ എ ചെയ്യുന്നതെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. 

ലാലിച്ചൻ ജോർജ് , ലോപസ് മാത്യു, ബാബു കെ ജോർജ്, കുര്യാക്കോസ് ജോസഫ്, സിബി തോട്ടുപുറം, ബെന്നി മൈലാടൂർ, ഷാജി കാടമല, പീറ്റർ പന്തലാനി, സാജൻ ആലക്കുളം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

0 Comments