Latest News
Loading...

തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്നു പൊലീസ്

ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അൻപതുകാരൻ രവീന്ദ്രൻ, ഭാര്യ നാൽപത്തിയഞ്ചുകാരി ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാർ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവർ എത്തിയ ശേഷമാണ് തീ അണച്ചത്. രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലാണുള്ളത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങള്‍ വിൽപ്പന നടത്തിവരികയായിരുന്നു രവീന്ദ്രൻ.

Post a Comment

0 Comments