മാണി സി കാപ്പൻ്റെ മകനെന്ന വ്യാജേന അജ്ഞാത മദ്യപൻപാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ മകനാണെന്ന വ്യാജേന അജ്ഞാതൻ മദ്യപിച്ചു ലെക്കുകെട്ട് വീടുകയറി വോട്ടു തേടുന്നതായി പരാതി. വിവിധ സ്ഥാനാർത്ഥികളുടെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ തിരഞ്ഞെടുപ്പ് വേളയിൽ വോട്ടു തേടാറുണ്ട്. ഇത് മുതലെടുത്ത് മാണി സി കാപ്പനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മദ്യപനെ രംഗത്തിറക്കിയിരിക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു. 

കൊഴുവനാൽ ഭാഗത്ത് ഇന്നലെ ഇങ്ങനെ മദ്യപൻ മാണി സി കാപ്പന് വോട്ടു തേടി രംഗത്തിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. മദ്യപിച്ചു ലക്കുകെട്ടയാൾ മാണി സി കാപ്പൻ്റെ മകനാണെന്നും പിതാവിന് വോട്ടു തേടി വന്നതാണെന്നും പറഞ്ഞാണ് വീടു കയറുന്നത്.

മാണി സി കാപ്പന് ഒരാണും രണ്ടു പെൺമക്കളുമാണുള്ളത്. മകൻ കാനഡയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്. നിലവിൽ നാട്ടിലില്ലാത്ത വ്യക്തിയാണ്.

മാണി സി കാപ്പൻ്റെ മകനെന്ന പേരിൽ വീടുകയറുന്ന മദ്യപനെക്കുറിച്ച് വിവരം കിട്ടുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് യു ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മാണി സി കാപ്പൻ്റെ മകനെന്ന വ്യാജേന മദ്യപിച്ചു വീടുകളിൽ വരുന്നയാളുടെ ഫോട്ടോയോ വീഡിയോയോ തെളിവുകളോടെ ലഭ്യമാക്കിയാൽ ഉചിതമായ സമ്മാനം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.