Latest News
Loading...

പൈക ഗവ.ആശുപത്രിക്ക് നഷ്ടമാകുന്നത് കോടികളുടെ വികസന പദ്ധതി.

പൈക ഗവ.ആശുപത്രിക്ക് നഷ്ടമാകുന്നത് കോടികളുടെ വികസന പദ്ധതി. മാര്‍ച്ച് 31നകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ 5 കോടിയില്‍പരം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഒരു വിധ നടപടികളും ഉണ്ടായിട്ടില്ല.


മീനച്ചില്‍, എലിക്കുളം, കൊഴുവനാല്‍ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന പൈക ഗവ: - ആശുപത്രിക്ക് ആധുനിക ബഹുനിലകെട്ടിട സമുച്ചയവും ഉപകരണങ്ങള്‍ക്കും ആയി 20 കോടി രൂപയാണ് നബാര്‍ഡ് സഹായമായി മുന്‍ ധന കാര്യ മന്ത്രി കെ.എം.മാണി അനുവദിച്ചിരുന്നത്. സംസ്ഥാത പാതയുടെ ഓരത്തുള്ള ഈ ആശുപത്രി തിരക്കേറിയ ശബരിമല റൂട്ടിലുമാണ്. എന്നാല്‍ ആശുപത്രി കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് തടസ്സവാദങ്ങള്‍ ഉയര്‍ത്തി ആശുപത്രി അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പണി ആരംഭിക്കുന്നത് വൈകി.

ഇതോടെ നിശ്ചിത സമയത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന നബാര്‍ഡ് വ്യവസ്ഥ പാലിക്കുവാന്‍ കഴിയാതെ വന്നു. ഇത് ഫണ്ട് നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാക്കി. തുടര്‍ന്ന് 5 നില വേണ്ട 4 നില മതിയെന്നായി ജില്ലാ ആരാഗ്യ വകുപ്പ്. ഇതിനിടയില്‍ കൊറോണ ലോക്ഡൗണില്‍ തൊഴിലാളികളെയും കിട്ടാതായി. ജോസ്.കെ.മാണി എം.പി ഇടപെട്ട് നബാര്‍ഡില്‍ നിന്നും പ്രത്യേകാനുമതി വാങ്ങി പൂര്‍ത്തീകരണ സമയം 2021 മാര്‍ച്ച് വരെ നീട്ടി വാങ്ങി. 15 കോടി വകയിരുത്തി ആരംഭിച്ച കെട്ടിട നിര്‍മാണം ഇതോടെ 11 കോടി മാത്രം ചിലവഴിച്ച് 4 നിലയില്‍ ഭാഗികമായി നിര്‍മ്മിക്കുകയാണ് ഇപ്പോള്‍.

പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം വരുന്നതോടെ തുടര്‍ നടപടികളും നിലക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധക്കുറവും, താത്പര്യമില്ലായ്മയും, അവഗണനയും, മെല്ല പോക്കും കാരണം ആരോഗ്യ മേഖലയില്‍ നാടിന് നഷ്ടമാകുന്നത് കോടികളുടെ സൗകര്യങ്ങളാണ്. ഇതോടൊപ്പം നിര്‍മാണം തുടങ്ങിയ മരങ്ങാട്ടുപിള്ളി , രാമപുരം, മൃത്തോലി, പാലാ ജനറല്‍ ആശുപത്രികള്‍ക്കായുള്ള ബഹുനില സമുച്ചയങ്ങളുടെ നിര്‍മ്മാണം വര്‍ഷങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായിരുന്നു.

Post a Comment

0 Comments